ശക്തമായ മഴ: 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 3 തിങ്കളാഴ്ച ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് അവധി. കൂടാതെ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സ്‌കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.

അതിശക്തമായ മഴയും വെള്ളക്കെട്ടും പ്രളയസാഹചര്യവും കണക്കിലെടുത്താണ് മുൻകരുതൽ നടപടിയായി അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക