സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണമെന്ന് സിജെപി; രാജ്യവ്യാപക ക്യാമ്പെയ്ൻ പ്രഖ്യാപിച്ചു

വരുന്ന സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളെയും യുവജനങ്ങളെയും പ്രത്യേകമായി അഭിസംബോധന ചെയ്യണമെന്നും രാജ്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട വികസന നയങ്ങൾ വിശദീകരിക്കണമെന്നും കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകനും ദേശീയ കൺവീനറുമായ അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടു.

സംഘടന ഒരു മതനിരപേക്ഷ കൂട്ടായ്മയായി മുന്നോട്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും നിലവിൽ രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കി. സംഘടനയുടെ വിപുലീകരണത്തിന്റെ ഭാഗമായി വെബ്‌സൈറ്റ് മുഖേന അംഗത്വം സ്വീകരിക്കുന്നതിനുള്ള ക്യൂആർ കോഡും പുറത്തിറക്കിയിട്ടുണ്ട്.

സിജെപി യാതൊരു തരത്തിലുള്ള ഫണ്ട് ശേഖരണവും നടത്തുന്നില്ലെന്നും സംഘടനയുടെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ മുതൽ രാജ്യവ്യാപക പര്യടനം സംഘടിപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. “ക്യാ ബോൽത്തി പബ്ലിക്” എന്ന പേരിൽ നടത്തുന്ന ഈ ക്യാമ്പെയ്‌നിലൂടെ രാജ്യത്തെ വിവിധ വിഭാഗങ്ങളിലെ ജനങ്ങളെയും കൂട്ടായ്മകളെയും ഒരേ വേദിയിലേക്ക് കൊണ്ടുവരാനാണ് ശ്രമം.

സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ കോ-കൺവീനർമാരായി നിയമിച്ചതായും നേതൃത്വം അറിയിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി രാജ്യത്തെ അഞ്ച് സോണുകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക കൺവീനർമാരെ നിയോഗിക്കുമെന്നും അവർ വ്യക്തമാക്കി.

രാജ്യത്ത് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രതിസന്ധികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സിജെപി, സ്കൂൾ ഫീസുകൾ സാധാരണക്കാർക്ക് താങ്ങാനാവാത്തവിധം ഉയർന്നിരിക്കുകയാണെന്നും കോച്ചിംഗ് സെന്ററുകൾ ലാഭം മാത്രം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു. വിദ്യാഭ്യാസം ഒരു സേവന മേഖലയെന്നതിലുപരി കച്ചവടമായി മാറിയിരിക്കുകയാണെന്നും ആയിരക്കണക്കിന് സ്കൂളുകൾ അടച്ചുപൂട്ടപ്പെട്ടിട്ടും വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നും അവർ വിമർശിച്ചു.

വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകുന്ന അടിസ്ഥാന അവകാശമാക്കി മാറ്റുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് സിജെപി വ്യക്തമാക്കി. നിലവിൽ വിദ്യാഭ്യാസ ചെലവുകൾ സാധാരണ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമായി മാറിയിരിക്കുകയാണെന്നും ഈ സ്ഥിതി മാറേണ്ടതുണ്ടെന്നും നേതൃത്വം അഭിപ്രായപ്പെട്ടു.

രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലേറെയും യുവാക്കളാണെന്നും തൊഴിലില്ലായ്മയാണ് അവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും സിജെപി ചൂണ്ടിക്കാട്ടി. ജന്തർ മന്തറിൽ ഉയർന്നുവന്ന പ്രതിഷേധങ്ങൾ യുവജനതയുടെ ആശങ്കകളുടെയും പ്രതീക്ഷകളുടെയും പ്രതിഫലനമാണെന്നും നേതാക്കൾ പറഞ്ഞു.

നീതിന്യായ വ്യവസ്ഥയെയും പരാമർശിച്ച സിജെപി, സ്വാധീനവും സാമ്പത്തിക ശക്തിയുമുള്ളവർക്ക് കൂടുതൽ പരിഗണന ലഭിക്കുന്നുവെന്ന വിമർശനവും ഉന്നയിച്ചു. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കണ്ടെത്താനാകില്ലെങ്കിലും, നീതി ലഭിക്കാതെ പോകുന്ന വിഷയങ്ങളിൽ ശക്തമായ സമ്മർദ്ദശക്തിയായി പ്രവർത്തനം തുടരുമെന്ന് സംഘടനാ നേതൃത്വം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക