ഉപഭോക്താക്കൾ ആത്മവിശ്വാസത്തോടെ E20 പെട്രോൾ ഉപയോഗിക്കുന്നത് തുടരണം: കേന്ദ്ര സർക്കാർ

ഇ20 പെട്രോളിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടെ ഉപഭോക്താക്കൾ ആത്മവിശ്വാസത്തോടെ ഇന്ധനം ഉപയോഗിക്കാമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. പൊതുമേഖല ഓയിൽ മാർക്കറ്റിങ് കമ്പനികൾ (ഒഎംസികൾ) വിതരണം ചെയ്യുന്ന ഇ20 പെട്രോൾ എല്ലാ നിർദ്ദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഇ20 പെട്രോളിൽ ഈർപ്പവും ക്ലോറൈഡും കൂടുതലാണെന്ന തരത്തിലുള്ള സമീപകാല മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതായി മന്ത്രാലയം അറിയിച്ചു. വിതരണ ശൃംഖലയുടെ വിവിധ ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇന്ധനത്തിന്റെ ഗുണനിലവാരം നിശ്ചിത പരിധിക്കുള്ളിൽ സ്ഥിരത പുലർത്തുന്നതായി കണ്ടെത്തിയതായും വ്യക്തമാക്കി.

ഇന്ധന മലിനീകരണവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നാണ് പരിശോധനാഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. വാഹനങ്ങളുടെ പ്രവർത്തനക്ഷമതയെയോ ഉപഭോക്തൃ വിശ്വാസത്തെയോ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകുന്ന പക്ഷം ശാസ്ത്രീയ പരിശോധനയിലൂടെ ഉടൻ പരിഹരിക്കുമെന്നും ഒഎംസികൾ ഉറപ്പുനൽകി.

ഗുണനിലവാര നിയന്ത്രണത്തിന്റെ ഭാഗമായി എല്ലാ പെട്രോൾ പമ്പുകളിലും ദിവസേന ഒന്നിലധികം തവണ വെള്ളത്തിന്റെ സാന്നിധ്യവും സാന്ദ്രതയും പരിശോധിക്കുന്നതായി അധികൃതർ അറിയിച്ചു. മൊബൈൽ ഇന്ധന പരിശോധനാ ലബോറട്ടറികളും വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും സ്വതന്ത്ര ലബോറട്ടറികളിലൂടെ പരിശോധനാഫലങ്ങൾ സ്ഥിരീകരിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ വിവിധ റിഫൈനറികളിൽ നിന്ന് ശേഖരിച്ച 100-ലധികം പെട്രോൾ സാമ്പിളുകളുടെ പരിശോധനയിൽ ക്ലോറൈഡ് അളവ് അനുവദനീയ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തിയതായും എല്ലാ സാമ്പിളുകളിലും അത് 1 പി.പി.എം അല്ലെങ്കിൽ അതിൽ താഴെയാണെന്നും മന്ത്രാലയം അറിയിച്ചു.

ഇന്ത്യയുടെ ശുദ്ധീകരണ-വിതരണ സംവിധാനത്തിൽ നിലവിലുള്ള ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നതിന്റെ തെളിവാണ് ഈ കണ്ടെത്തലുകളെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക