‘അമേരിക്ക വിശ്വാസം പുനഃസ്ഥാപിക്കണം’; സമാധാന ചർച്ചകളിൽ നിർണായക പരാമർശവുമായി ഇറാൻ പ്രസിഡന്റ്

യുഎസുമായുള്ള സമാധാന ചർച്ചകളെക്കുറിച്ച് നിർണായക പരാമർശങ്ങളുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ. ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ സമാധാനത്തിന്റെ പാതയിലൂടെ മുന്നോട്ടുപോകാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ അതിന് മുമ്പ് അമേരിക്ക വിശ്വാസം വളർത്തുന്ന അന്തരീക്ഷം സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടെഹ്‌റാനിൽ ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. രാജ്യത്തിനുള്ളിൽ ഇപ്പോൾ ഐക്യവും ശക്തിയും നിലനിൽക്കുന്നതിനാൽ സമഗ്രമായ ഒരു കരാറിലെത്താൻ ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്നും അദ്ദേഹം പറഞ്ഞു.

“ധാരണാപത്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ സമാധാനത്തിലേക്കുള്ള വഴി തേടുകയാണ് ഞങ്ങൾ. അമേരിക്ക വിശ്വാസം സൃഷ്ടിക്കുകയും വർഷങ്ങളായി രൂപപ്പെട്ട അവിശ്വാസത്തിന്റെ അന്തരീക്ഷം അവസാനിപ്പിക്കുകയും ചെയ്താൽ, ധാരണാപത്രം മുന്നോട്ടുകൊണ്ടുപോകാൻ ഇറാൻ ദൃഢനിശ്ചയത്തിലാണ്,” പെഷേഷ്കിയാൻ വ്യക്തമാക്കി.

ചർച്ചകളിൽ ആവശ്യമായ വിട്ടുവീഴ്ചകൾക്കും ധാരണകൾക്കും ഇറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് കരാറിനോട് എത്രമാത്രം പ്രതിബദ്ധത പുലർത്തുന്നുവോ അതേ അളവിൽ ഇറാനും ബാധ്യതകൾ നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സമ്മർദമോ ബലപ്രയോഗമോ വഴി ഇറാനെ കീഴ്പ്പെടുത്താനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാന്റെ പ്രധാന നയതീരുമാനങ്ങൾ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ മാർഗനിർദേശങ്ങൾക്കനുസരിച്ചായിരിക്കുമെന്നും പ്രസിഡൻറ് വ്യക്തമാക്കി. രാജ്യത്തിന്റെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ചർച്ചകൾക്ക് ഇറാൻ പ്രതിജ്ഞാബദ്ധമാണെങ്കിലും ഏതെങ്കിലും തരത്തിലുള്ള സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം, ജൂണിൽ ഇറാനും യുഎസും ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിനായി ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. 60 ദിവസത്തിനകം അന്തിമ കരാറിലെത്തുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും പശ്ചിമേഷ്യയിൽ അടുത്തിടെ വർധിച്ച സംഘർഷങ്ങൾ ചർച്ചകളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

കരാറുമായി ബന്ധപ്പെട്ട് ഇറാൻ നേതൃത്വത്തിനുള്ളിൽ ഭിന്നതയുണ്ടെന്നതും താൻ രാജിവെക്കുമെന്നതുമായ അഭ്യൂഹങ്ങൾ പെഷേഷ്കിയാൻ തള്ളി. പ്രസിഡന്റെന്ന നിലയിലെ ഉത്തരവാദിത്തങ്ങൾ ദൃഢനിശ്ചയത്തോടെ തുടരുമെന്നും രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക