സ്പീക്കറുടെ പരാമർശം അനുചിതം; ഉപനേതാവിന്റെ മുറി ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.എൻ. ബാലഗോപാൽ

പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ അനുചിതമാണെന്ന് കെ.എൻ. ബാലഗോപാൽ എം.എൽ.എ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

പ്രതിപക്ഷ ഉപനേതാവിന്റെ മുറിയോ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ചെയർമാന്റെ മുറിയോ ആവശ്യപ്പെട്ട് ഔദ്യോഗികമായോ അനൗദ്യോഗികമായോ ഒരു കത്തോ അഭ്യർഥനയോ നൽകിയിട്ടില്ലെന്ന് ബാലഗോപാൽ വ്യക്തമാക്കി. അത്തരമൊരു കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവിടാൻ തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

എൽ.ഡി.എഫിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുന്നത് സ്പീക്കറുടെ ചുമതലയല്ലെന്നും ബാലഗോപാൽ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കേണ്ട ഭരണഘടനാപദവിയിലിരിക്കുന്ന ഒരാൾ അടിസ്ഥാനരഹിതമായ വിവാദങ്ങൾക്ക് വഴിവയ്ക്കുന്ന പ്രസ്താവനകൾ നടത്തുന്നത് പദവിയുടെ അന്തസിന് യോജിച്ചതല്ലെന്നും അദ്ദേഹം വിമർശിച്ചു.

വസ്തുതകൾ മനസ്സിലാക്കി പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കുന്ന പക്വമായ സമീപനം സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു.

അതേസമയം, പ്രതിപക്ഷ ഉപനേതാവിന് മുറി നിഷേധിച്ചിട്ടില്ലെന്നും ഉപനേതാവാരാണെന്ന് പ്രതിപക്ഷ നേതാവ് ഔദ്യോഗികമായി അറിയിച്ചാൽ മുറി അനുവദിക്കാമെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കെ.എൻ. ബാലഗോപാലിന് പി.എ.സി ചെയർമാൻ എന്ന നിലയിൽ പ്രത്യേക മുറിയുണ്ടെന്നും ഉപനേതാവിനെ സംബന്ധിച്ച തർക്കം എൽ.ഡി.എഫിന്റെ ആഭ്യന്തര വിഷയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മറുപടി രേഖപ്പെടുത്തുക