ജനന ടൂറിസത്തിനെതിരായ നടപടികൾ ശക്തമാക്കി അമേരിക്ക. പ്രസവത്തിനായി അമേരിക്കയിലേക്ക് യാത്ര ചെയ്തവരുടേയും അത്തരം യാത്രകൾക്ക് സൗകര്യമൊരുക്കിയവരുടേയും 600-ലധികം വിസകൾ റദ്ദാക്കിയതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഇതിനായി പ്രത്യേക ‘ബർത്ത് ടൂറിസം പ്രിവൻഷൻ ടാസ്‌ക് ഫോഴ്‌സ്’ രൂപീകരിച്ചിട്ടുണ്ടെന്നും ലോകമെമ്പാടുമുള്ള വിസ ഉടമകളുടെ യാത്രാ വിവരങ്ങളും പ്രവർത്തനങ്ങളും പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
പ്രസവത്തിനായി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതും അതിന് സഹായം നൽകുന്നതും കണ്ടെത്തി വിസ റദ്ദാക്കുക, ഇത്തരം ശൃംഖലകൾ തകർക്കുക എന്നിവയാണ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രധാന ലക്ഷ്യം. യോഗ്യതയില്ലായ്മയോ തെറ്റായ വിവരങ്ങളോ കണ്ടെത്തുന്ന സാഹചര്യങ്ങളിൽ വിസകൾ റദ്ദാക്കാൻ സ്റ്റേറ്റ് സെക്രട്ടറിക്ക് അധികാരമുണ്ടെന്നും വകുപ്പ് അറിയിച്ചു.
പ്രസവ ടൂറിസം വഴി അമേരിക്കൻ പൗരത്വം നേടാനുള്ള ശ്രമങ്ങൾ തടയാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവിന്റെ ഭാഗമായാണ് നടപടി. യാത്രയുടെ യഥാർത്ഥ ഉദ്ദേശ്യം മറച്ചുവെച്ച് അമേരിക്കയിലെത്തി പ്രസവിച്ച നിരവധി കേസുകൾ കണ്ടെത്തിയതായും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കുന്ന സാഹചര്യമാണ് ‘ജനന ടൂറിസം’ എന്ന പ്രവണതയ്ക്ക് വഴിവെച്ചതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
