തമിഴ്നാട്ടിലേക്ക് 67,000 കോടി രൂപയുടെ നിക്ഷേപം എത്തിക്കുന്നതിന് വഴിയൊരുങ്ങി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘വെട്രി തമിഴ്നാട് ഇൻവെസ്റ്റേഴ്സ് കോൺക്ലേവ്’ പരിപാടിയിലാണ് ഇതുസംബന്ധിച്ച 97 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്.
മുഖ്യമന്ത്രി ജോസഫ് വിജയിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വ്യവസായമന്ത്രി എസ്. കീർത്തനയും പങ്കെടുത്തു. പുതിയ നിക്ഷേപങ്ങളിലൂടെ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
ഓട്ടോമോട്ടീവ്, റിന്യൂവബിൾ എനർജി, ലൈഫ് സയൻസ്, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലായിരിക്കും പ്രധാനമായും നിക്ഷേപങ്ങൾ എത്തുക. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ഇത് വലിയ ഉത്തേജനമാകുമെന്ന് മന്ത്രി എസ്. കീർത്തന പറഞ്ഞു.
വിജയ് സർക്കാരിന്റെ ആദ്യ 100 ദിവസത്തിനുള്ളിൽ ലഭിച്ച ആകെ നിക്ഷേപ വാഗ്ദാനങ്ങൾ ഒരു ലക്ഷം കോടി രൂപ കടക്കുമെന്നും ഇതിലൂടെ 1.20 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പ്രതിദിനം ശരാശരി ആയിരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് ലഭിക്കുന്നതെന്നും ഇത് സർക്കാരിനോടുള്ള നിക്ഷേപകരുടെ വിശ്വാസം വ്യക്തമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയെന്ന തമിഴ്നാട് സർക്കാരിന്റെ ദീർഘകാല ലക്ഷ്യത്തിന്റെ ഭാഗമായി, ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ സാധ്യതയുള്ള 104 ധാരണാപത്രങ്ങൾ ഇതിനകം ഒപ്പുവെച്ചിട്ടുണ്ടെന്നും മന്ത്രി എസ്. കീർത്തന അറിയിച്ചു.
