80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെ തുടർന്ന് നാടകീയ രംഗങ്ങൾ അരങ്ങേറി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയും ഗാനാലാപനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഗായകസംഘം ഗാനം മുഴുവൻ ആലപിച്ചതായാണ് റിപ്പോർട്ടുകൾ.
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കണമെന്നാണ് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട്. കേന്ദ്ര സർക്കാർ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന നിർദേശം നൽകിയപ്പോൾ പാർട്ടി അതിനെ എതിർത്തിരുന്നു. ഈ സാഹചര്യത്തിൽ ഗായകസംഘം ഗാനം പൂർത്തിയാക്കിയത് നേതൃത്വത്തിന് അപ്രതീക്ഷിതമായെന്നാണ് സൂചന.
അതേസമയം, സംഭവം വിവാദമാക്കേണ്ടതില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. വന്ദേമാതരവുമായി ബന്ധപ്പെട്ട പാർട്ടിയുടെ നിലപാട് നേരത്തെ തന്നെ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പ്രതികരിക്കാൻ കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് തയ്യാറായില്ല.
