ബിജെപി ഇന്ന് ‘ഗുജറാത്തി കമ്പനി’; ദക്ഷിണേന്ത്യയോട് അവഗണന: സന്ദീപ് വാര്യർ

ബിജെപി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തെ രാഷ്ട്രീയ മൂല്യങ്ങളിൽ നിന്ന് മാറി ഇന്ന് ഒരു ‘ഗുജറാത്തി കമ്പനി’യായി മാറിയെന്ന് കോൺഗ്രസ് എംഎൽഎ സന്ദീപ് വാര്യർ. ബിജെപിയുടെ മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ഉയർത്തിയ വിമർശനങ്ങളെ പിന്തുണച്ചാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

രാഷ്ട്രീയ നിലപാടുകളിൽ അണ്ണാമലൈയുമായി എല്ലാ കാര്യങ്ങളിലും യോജിപ്പില്ലെങ്കിലും, ബിജെപിക്കെതിരെ അദ്ദേഹം ഇപ്പോൾ ഉന്നയിക്കുന്ന വിമർശനങ്ങൾ വസ്തുതാപരവും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുമാണെന്ന് സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ബിജെപി ഒരു ഉത്തരേന്ത്യൻ പാർട്ടി എന്നതിലുപരി ഇന്ന് ‘ഗുജറാത്തി പാർട്ടി’യോ ‘ഗുജറാത്തി കമ്പനി’യോ ആയി മാറിയെന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം ആരോപിച്ചു. സമ്പത്തും വൻകിട പദ്ധതികളും ഉൾപ്പെടെയുള്ളവ ഗുജറാത്തിലേക്ക് കേന്ദ്രീകരിക്കുന്നുവെന്നും ഇത് രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്ക് വെല്ലുവിളിയാണെന്നും സന്ദീപ് വാര്യർ വിമർശിച്ചു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് ബിജെപി കടുത്ത രാഷ്ട്രീയ വിവേചനം കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ ഉന്നത നേതൃത്വത്തിന് ദക്ഷിണേന്ത്യക്കാരോട് അവഗണനയും പുച്ഛവുമാണെന്നും കേന്ദ്ര പദ്ധതികൾക്ക് ഹിന്ദിയിൽ മാത്രം പേരിടുന്നതിലൂടെ ദക്ഷിണേന്ത്യൻ ഭാഷകളെ മനഃപൂർവം അവഗണിക്കുകയാണെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.

മറുപടി രേഖപ്പെടുത്തുക