ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്.
ഡിജിപി ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തുന്നത് ശരിയായ നടപടിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ലോക്ഭവനോട് സർക്കാർ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ സർക്കാരിന്റെ കാലത്തും സമാനമായ സാഹചര്യം ഉണ്ടായിരുന്നുവെന്നും അന്നും സർക്കാർ അതൃപ്തി അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എസ്എഫ്ഐയുടെ പ്രതിഷേധത്തെ തുടർന്ന് കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസ് നൽകിയ പരാതിയുടെ പശ്ചാത്തലത്തിലാണ് ഗവർണർ ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തിയത്. ഈ നടപടിയെയാണ് മുഖ്യമന്ത്രി വിമർശിച്ചത്.
