എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പ്രശംസിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമുദായ താൽപര്യം മുൻനിർത്തി മാത്രമാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ വേണ്ടി ഒരിക്കലും സ്ഥാനം ഉപയോഗിച്ചിട്ടില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
പള്ളം എൻഎസ്എസ് കരയോഗം സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം സുകുമാരൻ നായരുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്. നവോത്ഥാന കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിൽ എൻഎസ്എസ് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും അതേ പാത പിന്തുടർന്ന് കേരള സമൂഹത്തിന്റെ ഐക്യവും മതേതരത്വവും സംരക്ഷിക്കാൻ ശക്തമായ നിലപാടുകൾ സ്വീകരിച്ച നേതാവാണ് സുകുമാരൻ നായരെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിച്ച അദ്ദേഹം, മറ്റ് സാമൂഹിക വിഭാഗങ്ങളുടെ താൽപര്യങ്ങൾക്ക് അത് ദോഷകരമാകാതിരിക്കാനും ശ്രദ്ധിച്ചുവെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. സമുദായ താൽപര്യങ്ങൾക്കായി പ്രവർത്തിച്ചെങ്കിലും സാമൂഹിക ഐക്യം സംരക്ഷിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും വ്യക്തമാക്കി.
സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലും അവയെ കാര്യക്ഷമമായി പരിപാലിക്കുന്നതിലും അസാധാരണമായ കഴിവാണ് സുകുമാരൻ നായർ പ്രകടിപ്പിച്ചതെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വകാലത്ത് എൻഎസ്എസിന്റെ ആസ്തികൾ ഗണ്യമായി വർധിക്കുകയും സംഘടനയുടെ വിദ്യാഭ്യാസ-സാമൂഹിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ വ്യക്തമായ പുരോഗതി കൈവരിക്കപ്പെടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാമൂഹിക ഐക്യം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച സുകുമാരൻ നായർ, സംഘടനയിൽ ഛിദ്രശക്തികൾ കടന്നുകയറുന്നത് തടയുന്നതിലും ജാഗ്രത പുലർത്തിയിരുന്നുവെന്ന് തിരുവഞ്ചൂർ പറഞ്ഞു. സമുദായത്തിനും സമൂഹത്തിനും ഒരുപോലെ ആവശ്യമായ നേതൃത്വമാണ് അദ്ദേഹം നൽകിയതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
