പാർട്ടി പരിപാടികളിൽ ദേശീയഗാനമായ ‘വന്ദേമാതരം’ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിക്കുന്ന രീതി തുടരാനുള്ള കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ (സിഡബ്ല്യുസി) തീരുമാനത്തിനെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്ത്. ‘വന്ദേമാതരം’ ദേശീയ ഗാനത്തോടും അതുമായി ബന്ധപ്പെട്ട വികാരങ്ങളോടുമുള്ള അനാദരവാണ് കോൺഗ്രസ് നിലപാടെന്ന് ബിജെപി ആരോപിച്ചു.
1937ലെ സിഡബ്ല്യുസി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിലവിലുണ്ടായിരുന്ന പാരമ്പര്യം തുടരാനാണ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി തീരുമാനിച്ചത്. ദേശീയ ഗാനത്തിന്റെ പൂർണരൂപത്തിലുള്ള ആലാപനം കേന്ദ്രസർക്കാർ ഔദ്യോഗിക പ്രോട്ടോക്കോളിന്റെ ഭാഗമാക്കിയ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ തീരുമാനം വീണ്ടും രാഷ്ട്രീയ വിവാദമായത്.
മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് കോൺഗ്രസ് തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു. രാജ്യം മാത്രമല്ല, ‘വന്ദേമാതരം’ പോലും കോൺഗ്രസ് വിഭജിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ സമരസേനാനികൾക്ക് ‘വന്ദേമാതരം’ വലിയ പ്രചോദനമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വന്ദേമാതര’ത്തിന്റെ ചരിത്രപരമായ പ്രാധാന്യം കോൺഗ്രസ് നേതൃത്വത്തിന് അറിയില്ലെന്നും സാരംഗ് ആരോപിച്ചു. “വന്ദേമാതരത്തിന്റെ പ്രാധാന്യം സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എങ്ങനെ അറിയാൻ കഴിയും?” സാരംഗ് ചോദിച്ചു .
കോൺഗ്രസ് രാജ്യത്തെ ഭൂരിപക്ഷ ജനങ്ങളുടെ വികാരങ്ങളെ പലപ്പോഴും വ്രണപ്പെടുത്തുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ബിജെപി നേതാവ് ബ്രിജ് ഭൂഷൺ ശരൺ സിംഗും ആരോപിച്ചു. പാർട്ടിയുടെ ഇരട്ടത്താപ്പ് നയങ്ങളാണ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ മന്ത്രി വിജയ് സിൻഹയും രംഗത്തെത്തി. പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി കോൺഗ്രസ് ഇത്തരം നിലപാടുകൾ സ്വീകരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഇന്ത്യൻ സംസ്കാരത്തെയും ദേശീയ ഗാനത്തെയും ബഹുമാനിക്കാത്ത സമീപനം പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും പറഞ്ഞു.
