ഹിങ് പൗഡറിന് ഗുണനിലവാരമില്ല; എവറസ്റ്റിനും ലാൽജി ഗോധുവിനും FSSAI വിലക്ക്

ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് എവറസ്റ്റ് ഫുഡ് പ്രോഡക്‌ട്‌സിനും ലാൽജി ഗോധുവിനും എതിരെ ശക്തമായ നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ . ഇരു കമ്പനികളുടെയും കോമ്പൗണ്ടഡ് ഹിങ് പൗഡർ വിൽപ്പന താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശിച്ചു.

വിപണിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിലാണ് ഹിങ് ഉൽപ്പന്നങ്ങളിൽ ഗുണനിലവാര വീഴ്ച കണ്ടെത്തിയത്. ചില സാമ്പിളുകൾ നിലവാരമില്ലാത്തതും തെറ്റായ ബ്രാൻഡിംഗ് നടത്തിയതോ മായം ചേർത്തതോ ആണെന്നും FSSAI വ്യക്തമാക്കി. 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട് പ്രകാരമാണ് നടപടി.

എവറസ്റ്റിന്റെ ഹിങ് പൗഡറിലെ ആൽക്കഹോൾ സത്തിന്റെ അളവ് നിർദേശിച്ച കുറഞ്ഞ 5 ശതമാനത്തേക്കാൾ വളരെ താഴെയാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഒരു സാമ്പിളിൽ ഇത് പൂജ്യം ശതമാനമായിരുന്നു. യെല്ലോ ഹിങ് പൗഡറിൽ 3.29 ശതമാനവും ബ്ലാക്ക് ഹിങ് പൗഡറിൽ 4.4 ശതമാനവും മാത്രമാണ് കണ്ടെത്തിയത്.

ലാൽജി ഗോധുവിന്റെ പൊടിരൂപത്തിലും കട്ടകളായുമുള്ള ഹിങ്‌വയുടെ സാമ്പിളുകളിലും മാനദണ്ഡലംഘനം കണ്ടെത്തി. ഉൽപ്പന്നത്തിൽ ഉപയോഗിച്ച അസംസ്കൃത വസ്തുക്കളിൽ അനുവദനീയമായതിലും ഉയർന്ന അളവിൽ സ്റ്റാർച്ച് കണ്ടെത്തിയതായും FSSAI അറിയിച്ചു. ഹിങ്‌വയിൽ സ്റ്റാർച്ചിന്റെ അളവ് ഒരു ശതമാനത്തിൽ കൂടാൻ പാടില്ലെന്നാണ് മാനദണ്ഡം.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ബന്ധപ്പെട്ട ഹിങ് ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്താനും വീഴ്ചകൾ പരിഹരിക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ സമർപ്പിക്കാനും FSSAI നിർദേശിച്ചു. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

മറുപടി രേഖപ്പെടുത്തുക