2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാർഥിയെ ചൊല്ലി തമിഴ്നാട്ടിലെ ഭരണസഖ്യ കക്ഷികളായ തമിഴക വെട്രി കഴകം (ടിവികെ)യും കോൺഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കാത്ത പക്ഷം മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമെന്ന് കോൺഗ്രസ് മന്ത്രിമാരായ എസ്. രാജേഷ് കുമാറും പി. വിശ്വനാഥനും മുന്നറിയിപ്പ് നൽകി.
ഭാവിയിൽ രാജ്യത്തെ നയിക്കുക ടിവികെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് ആയിരിക്കുമെന്ന ടിവികെ നേതാക്കളുടെയും മന്ത്രിമാരുടെയും തുടർച്ചയായ പ്രസ്താവനകളാണ് വിവാദത്തിന് വഴിവെച്ചത്. എന്നാൽ ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞ കോൺഗ്രസ് നേതാക്കൾ, പ്രധാനമന്ത്രിയാകാൻ 272 ലോക്സഭാംഗങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഏറ്റവും പുതിയ ഇന്ത്യാ ടുഡേ–സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേയും രാഷ്ട്രീയ ചർച്ചകൾക്ക് ചൂടേകിയിട്ടുണ്ട്. സർവേ പ്രകാരം അടുത്ത പ്രധാനമന്ത്രിയായി 49 ശതമാനം പിന്തുണയോടെ നരേന്ദ്ര മോദിയാണ് ഒന്നാം സ്ഥാനത്ത്. 27 ശതമാനം പിന്തുണയോടെ രാഹുൽ ഗാന്ധി രണ്ടാം സ്ഥാനത്തും, 9 ശതമാനം പിന്തുണയോടെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് മൂന്നാം സ്ഥാനത്തുമാണ്.
പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള പരസ്യമായ അഭിപ്രായവ്യത്യാസങ്ങൾ ഭരണസഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങൾ കൂടുതൽ പ്രകടമാക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
