പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസംഗം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ. പാർട്ടിയുടെ പരാജയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം സ്ഥാനാർഥികളെ കുറ്റപ്പെടുത്തി പ്രസംഗം അവസാനിപ്പിക്കുകയാണ് പിണറായി വിജയൻ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ പരാജയത്തെക്കുറിച്ചുള്ള കേന്ദ്ര കമ്മിറ്റി തീരുമാനം അവതരിപ്പിക്കുന്നതിന് പകരം ജനങ്ങളെ കുറ്റപ്പെടുത്തി സംസാരിക്കുകയാണ് പിബി അംഗം ചെയ്തതെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.
പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി വിജയൻ നടത്തിയ പ്രസംഗം ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നുവെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. സ്ഥാനാർഥികളെ നിശ്ചയിച്ചത് കൂട്ടായ തീരുമാനത്തിലൂടെയാണെന്നും “എനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ല” എന്ന നിലപാടാണ് പിണറായി വിജയന്റേതെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടി തെറ്റ് തിരുത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ സെക്രട്ടറിയെക്കൊണ്ട് പൂരപ്പാട്ട് പാടിച്ചുവെന്നും ടി.കെ. ഗോവിന്ദൻ പരിഹസിച്ചു. സ്വന്തം മണ്ഡലത്തിലെ കാര്യവും പിണറായി വിജയൻ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറ് റൗണ്ടുകളിൽ പിണറായി വിജയൻ പിന്നിലായിരുന്നുവെന്നും സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ എന്തുകൊണ്ടാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാതിരുന്നതെന്ന് പരിശോധിക്കേണ്ടതല്ലേയെന്നും ടി.കെ. ഗോവിന്ദൻ ചോദിച്ചു.
“ജനങ്ങൾക്ക് തെറ്റ് പറ്റിയെന്ന് പറയാത്തത് എന്താണ്? അനുഭവസമ്പത്തുള്ളവർ തോറ്റ് തുന്നം പാടുമ്പോൾ അതിന്റെ കാരണം കണ്ടെത്തുകയല്ലേ വേണ്ടത്”, എന്നും ടി.കെ. ഗോവിന്ദൻ പ്രതികരിച്ചു.
അതേസമയം, കെ.കെ. രാഗേഷിന്റെ പ്രസംഗത്തെയും ടി.കെ. ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കുമ്പോൾ അദ്ദേഹം സ്വയം കണ്ണാടിയിൽ നോക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. കെ.കെ. രാഗേഷ് പാർട്ടിയിൽ എത്തുമ്പോഴുണ്ടായിരുന്ന സ്വത്തുവിവരങ്ങളും ഇപ്പോഴുള്ള സ്വത്തുവിവരങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“എനിക്ക് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റ് നാല് വിരലുകളും അയാൾക്ക് നേരെയാണെന്ന് ഓർക്കണം. കെ.കെ. രാഗേഷ് പാർട്ടിയിൽ വരുമ്പോഴുള്ളതും ഇപ്പോഴുള്ളതുമായ സ്വത്തുവിവരങ്ങൾ അന്വേഷിക്കട്ടെ. എന്റേതും പരിശോധിച്ചോളൂ. തന്നെക്കൊണ്ട് അധികം പറയിപ്പിക്കരുത്”, എന്നും ടി.കെ. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.
തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് പാർട്ടി നേതൃത്വത്തിന് പിന്നോട്ടുപോകാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. “ആരാണ് വർഗവഞ്ചകൻ? എന്താണ് വർഗവഞ്ചന? പാർട്ടിയെ തകർക്കാൻ ശ്രമിച്ച നിങ്ങളാണ് വർഗവഞ്ചകർ. ആടിനെ പട്ടിയാക്കുകയല്ലേ ചെയ്തത്. പാർട്ടിസ്ഥാനം ഉപയോഗിച്ച് ബിസിനസ് നടത്തിയവരില്ലേ? പണം സമ്പാദിച്ചവരില്ലേ? അതല്ലേ വർഗവഞ്ചന”, എന്നും ടി.കെ. ഗോവിന്ദൻ ആരോപിച്ചു.
