അബുദാബിയുടെ ശത്രുതാപരമായ പെരുമാറ്റം വർധിച്ചുവരികയാണെന്ന് ആരോപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റുകളുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് അൾജീരിയ. ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും യുഎഇ നിലപാടിൽ മാറ്റം വരുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അൾജീരിയയുടെ നടപടി.
യുഎഇ അംബാസഡറെ വിളിച്ചുവരുത്തി തീരുമാനം ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ അൾജീരിയൻ വിദേശകാര്യ മന്ത്രാലയമാണ് വ്യാഴാഴ്ച നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. തീരുമാനം നടപ്പാക്കുന്നതിനായി യുഎഇ ദൂതന് 48 മണിക്കൂർ സമയം അനുവദിച്ചതായും മന്ത്രാലയം അറിയിച്ചു.
ഉഭയകക്ഷി ബന്ധം നിലനിർത്തുന്നതിനുള്ള എല്ലാ സാധ്യതകളും അൾജിയേഴ്‌സ് പ്രയോജനപ്പെടുത്തിയിരുന്നുവെന്ന് അൾജീരിയൻ പ്രസ് സർവീസ് പുറത്തുവിട്ട മന്ത്രാലയ പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ, നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും യുഎഇ ഇത്തരം നടപടികൾ തുടർന്നുവെന്നാണ് അൾജീരിയയുടെ ആരോപണം. പരമാധികാര രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ അബുദാബിയുടെ നിലവിലെ പെരുമാറ്റം ഇനി അംഗീകരിക്കാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ, നയതന്ത്ര ബന്ധം വിച്ഛേദിക്കാൻ കാരണമായ അടിയന്തര സംഭവത്തെക്കുറിച്ച് അൾജീരിയൻ പ്രസ്താവനയിൽ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. ഇസ്രായേലുമായുള്ള യുഎഇയുടെ ബന്ധം, ലിബിയ, സുഡാൻ, സഹേൽ മേഖലകളിലെ സംഘർഷങ്ങളിൽ അബുദാബിയുടെ ഇടപെടൽ തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ നേരത്തെ തന്നെ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു.
പശ്ചിമ സഹാറ വിഷയത്തിലും അൾജീരിയയും യുഎഇയും വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. സഹ്‌റാവി ജനതയുടെ സ്വയംനിർണയാവകാശത്തെ പിന്തുണയ്ക്കുന്ന പോളിസാരിയോ ഫ്രണ്ടിനൊപ്പമാണ് അൾജീരിയ. അതേസമയം, പശ്ചിമ സഹാറയുടെ മേൽ പരമാധികാരം അവകാശപ്പെടുന്ന മൊറോക്കോയുടെ അടുത്ത സഖ്യകക്ഷിയാണ് യുഎഇ.
2020ൽ മൊറോക്കൻ നിയന്ത്രണത്തിലുള്ള പശ്ചിമ സഹാറയിൽ കോൺസുലേറ്റ് തുറന്ന ആദ്യ അറബ് രാജ്യമായി യുഎഇ മാറിയിരുന്നു. കൂടാതെ, 2021ൽ അൾജീരിയ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച മൂവ്‌മെന്റ് ഫോർ ദി സെൽഫ് ഡിറ്റർമിനേഷൻ ഓഫ് കാബിലിയയുമായി യുഎഇക്ക് ബന്ധമുണ്ടെന്നും അൾജീരിയൻ മാധ്യമങ്ങൾ ആരോപിച്ചിരുന്നു.
അൾജീരിയയുടെ പുതിയ തീരുമാനത്തോട് യുഎഇ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. നേരത്തെ അൾജീരിയയെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണങ്ങൾ അബുദാബി നിഷേധിച്ചിരുന്നു.
യുഎഇക്കെതിരെ നയതന്ത്ര നടപടി സ്വീകരിക്കുന്ന ഏറ്റവും പുതിയ ആഫ്രിക്കൻ രാജ്യമാണ് അൾജീരിയ. 2025 മേയിൽ സുഡാനും യുഎഇയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ആഭ്യന്തര യുദ്ധത്തിൽ അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന് യുഎഇ ആയുധം നൽകുന്നുവെന്നായിരുന്നു സുഡാന്റെ ആരോപണം. എന്നാൽ, ആർഎസ്എഫിനെ പിന്തുണയ്ക്കുന്നുവെന്ന ആരോപണം യുഎഇ പലതവണ നിഷേധിച്ചിട്ടുണ്ട്.
ഇതിനുപിന്നാലെ ജനുവരിയിൽ സൊമാലിയയും യുഎഇയുമായുള്ള തുറമുഖങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പ്രതിരോധ സഹകരണം എന്നിവയുമായി ബന്ധപ്പെട്ട കരാറുകൾ അവസാനിപ്പിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും രാഷ്ട്രീയ സ്ഥിരതയ്ക്കും യുഎഇ ഭീഷണിയാണെന്ന് മൊഗാദിഷു ആരോപിച്ചെങ്കിലും സൊമാലിയയിലെ നിരവധി പ്രാദേശിക ഭരണകൂടങ്ങൾ ഈ തീരുമാനത്തെ എതിർത്തിരുന്നു.
