ദുബൈയിൽ കൂട്ടമായി താമസിക്കുന്ന പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ. താമസസ്ഥലങ്ങളിൽ നിയമപരമായ പരിധിക്കപ്പുറം ആളുകളെ പാർപ്പിക്കുന്നതും അനധികൃത നിർമാണങ്ങൾ നടത്തുന്നതും കണ്ടെത്താൻ പരിശോധനകൾ കൂടുതൽ കർശനമാക്കുകയാണ്. അയൽവാസികളിൽ നിന്നോ മറ്റ് താമസക്കാരിൽ നിന്നോ പരാതി ലഭിച്ചാൽ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തും.
കഴിഞ്ഞ മാർച്ചിൽ നടപ്പിലാക്കിയ പുതിയ വാടക നിയമപ്രകാരം ഒരു കെട്ടിടത്തിൽ താമസിക്കാവുന്ന ആളുകളുടെ പരമാവധി എണ്ണം, ഓരോ താമസക്കാരനും ലഭിക്കേണ്ട വിസ്തീർണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ മുൻകൂട്ടി അറിയിപ്പില്ലാതെയും പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.
മുറികൾ അനധികൃതമായി വിഭജിച്ച് വാടകയ്ക്ക് നൽകുന്നതും അടുക്കളകൾ, സ്റ്റോർറൂമുകൾ, തട്ടിൻപുറങ്ങൾ എന്നിവ കിടപ്പുമുറികളാക്കി മാറ്റുന്നതും സുരക്ഷാ ഭീഷണികൾ സൃഷ്ടിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ക്രമക്കേടുകൾ വലിയ തീപിടിത്തങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നതിനാൽ അവ തടയുകയാണ് നടപടികളുടെ പ്രധാന ലക്ഷ്യം.
പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തുമ്പോൾ കെട്ടിട ഉടമകളും മാനേജ്മെന്റും താമസക്കാരും ആവശ്യമായ സഹകരണം നൽകണമെന്ന് നിയമം നിർദേശിക്കുന്നു. പരിശോധന തടയാനോ വൈകിപ്പിക്കാനോ താമസക്കാർക്ക് അവകാശമില്ല. സ്വകാര്യത മാനിച്ചായിരിക്കും പരിശോധനകൾ നടക്കുക. എന്നാൽ പരിശോധനയിൽ തടസ്സം സൃഷ്ടിക്കുന്ന സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർക്ക് പൊലീസിന്റെ സഹായം തേടാനാകും.
നിയമലംഘനവുമായി ബന്ധപ്പെട്ട് അധികൃതർ സ്വീകരിക്കുന്ന നടപടികളിൽ എതിർപ്പുള്ളവർക്ക് നോട്ടീസ് ലഭിച്ച് 30 ദിവസത്തിനകം അപ്പീൽ നൽകാം. അപ്പീലിൽ 30 ദിവസത്തിനകം തീരുമാനമെടുക്കും. കൂടാതെ വാടക തർക്ക പരിഹാര കേന്ദ്രമായ ആർഡിസിയെ സമീപിക്കാനും നിയമപരമായ അവസരമുണ്ട്.
താമസസുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നതെന്ന് ദുബൈ അധികൃതർ വ്യക്തമാക്കി.
