കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തില്‍ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുള്‍പ്പെടെയുള്ള സംഘടനാ പുനഃസംഘടനാ നടപടികള്‍ ഹൈക്കമാന്‍ഡ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. സംസ്ഥാന നേതൃത്വത്തിനിടയില്‍ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി സമവായത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് എഐസിസിയുടെ തീരുമാനം. നിലവിലുള്ള സംഘടനാ സംവിധാനം തന്നെ തുടരാനാണ് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ബെന്നി ബഹനാന്, കൊടിക്കുന്നില്‍ സുരേഷ്, അജയ് തറയില്‍, എം.കെ. രാഘവന്, ആന്റോ ആന്റണി, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, ടി.എന്‍. പ്രതാപന് തുടങ്ങിയവരുടെ പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടത്. എന്നാല്‍ ഇവരില്‍ ആരെ അധ്യക്ഷനാക്കണമെന്ന കാര്യത്തില്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ പൊതുവായ ധാരണ രൂപപ്പെട്ടിട്ടില്ല.
ഒരു പ്രത്യേക നേതാവിന്റെ പേര് ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ പുതിയ വിഭാഗീയതയ്ക്കും ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കും വഴിവെക്കുമെന്ന ആശങ്കയാണ് ഹൈക്കമാന്‍ഡിനുള്ളത്. മുഖ്യമന്ത്രി വി.ഡി. സതീശന്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് പരസ്യമായി പിന്തുണച്ചിട്ടില്ല. പാര്‍ട്ടിയിലെ നിലവിലെ ഗ്രൂപ്പ് സമവാക്യങ്ങളെ ബാധിക്കാതിരിക്കാനാണ് നേതാക്കള്‍ ജാഗ്രത പുലര്‍ത്തുന്നത്.
ഒരു ദശാബ്ദത്തിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ സംഘടനാ പുനഃസംഘടന വൈകുന്നത് ഒഴിവാക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭൂരിഭാഗം നേതാക്കളും. സര്‍ക്കാരിനെതിരായ രാഷ്ട്രീയ വിവാദങ്ങളെ ഫലപ്രദമായി നേരിടാന്‍ ശക്തമായ പാര്‍ട്ടി സംവിധാനത്തിന്റെ പിന്തുണ അനിവാര്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും മറ്റ് ഭാരവാഹികളും മന്ത്രിസഭയുടെ ഭാഗമായ സാഹചര്യത്തില്‍ ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം സംഘടനാ പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം.
കെപിസിസി അധ്യക്ഷനും വര്‍ക്കിങ് പ്രസിഡന്റുമാരും മന്ത്രിമാരായതും നിരവധി ഡിസിസി പ്രസിഡന്റുമാര്‍ എംഎല്‍എമാരായതും പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഒരു വിഭാഗം നേതാക്കള്‍ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ തിരക്കിട്ട് പുനഃസംഘടന നടത്തി പാര്‍ട്ടിക്കുള്ളില്‍ പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.
അധ്യക്ഷ സ്ഥാനത്ത് സമവായം രൂപപ്പെടുന്നതുവരെ നിലവിലെ സംവിധാനം തുടരാനാണ് തീരുമാനം. ഇതോടെ കെപിസിസി അധ്യക്ഷനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് നീളും.
