പൊലീസിന് ആർജവമുണ്ടെങ്കിൽ റിയാസിന്റെയും അബ്ദുറഹിമാന്റെയും വീടുകളിൽ പരിശോധന നടത്തണം: കെ. സുരേന്ദ്രൻ

തെറ്റുതിരുത്തൽ പ്രസംഗങ്ങളിലല്ല, നിലപാടുകളിലാണ് വേണ്ടതെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. സിപിഎം ഇപ്പോൾ നടത്തുന്ന തെറ്റുതിരുത്തൽ നടപടികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിന് ആർജവമുണ്ടെങ്കിൽ മുൻ മന്ത്രിമാരായ മുഹമ്മദ് റിയാസിന്റെയും വി. അബ്ദുറഹിമാന്റെയും വീടുകളിൽ പരിശോധന നടത്തണമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം അഴിമതിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനുമെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും പാർട്ടിയിലെ തെറ്റുകൾ തിരുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ നേതാക്കളുമായും അവരുടെ കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ട ആരോപണങ്ങളിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ മകൾ വീണ വിജയനും മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ അന്വേഷണ ഏജൻസികൾ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളും റിപ്പോർട്ടുകളും ഗൗരവമായി പരിശോധിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. വീണ വിജയന്റെ പേരിലുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട ‘റെഡ് ബുക്ക്’ രേഖകളും വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിയമപരമായ അന്വേഷണം നടക്കട്ടെയെന്ന നിലപാടാണ് സിപിഎം സ്വീകരിക്കേണ്ടതെന്നും അന്വേഷണ ഏജൻസികൾക്കെതിരായ രാഷ്ട്രീയ പ്രതിഷേധം നടത്തുന്നത് തെറ്റുതിരുത്തലിന്റെ ഭാഗമാണോ എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

മെസ്സിയുടെ പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക തട്ടിപ്പ് കേസിലും സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ നടക്കുന്ന അന്വേഷണത്തിൽ നികുതി വെട്ടിപ്പ് ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകൾ പരിശോധിക്കുന്നുണ്ടെങ്കിൽ, ഇടപാടുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാനും മുഹമ്മദ് റിയാസിനും ഇടപാടിൽ എന്തെങ്കിലും പങ്കുണ്ടായിരുന്നോയെന്നും കരാർ രൂപീകരണത്തിലും സ്റ്റേഡിയം വിട്ടുനൽകുന്നതിലും സർക്കാർ തലത്തിൽ എന്ത് ഇടപെടലുണ്ടായിരുന്നുവെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഹമ്മദ് റിയാസിന്റെ വീട്ടിലേക്കും ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളിലേക്കും അന്വേഷണം എത്താത്തത് എന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു.

ആരോപണങ്ങളുടെ പേരിൽ ആരെയും മുൻകൂട്ടി കുറ്റക്കാരാക്കണമെന്നല്ല ബിജെപിയുടെ നിലപാടെന്നും എല്ലാവർക്കും ഒരേ നിയമം ബാധകമാകണമെന്നുമാണ് ആവശ്യമെന്നും സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ ബന്ധമുള്ളവരെ ഒഴിവാക്കി മറ്റുള്ളവരിൽ മാത്രം അന്വേഷണം നടത്തുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം പ്രഖ്യാപിച്ച തെറ്റുതിരുത്തൽ യഥാർഥമാണെങ്കിൽ സ്വന്തം നേതാക്കളെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഒരേ മാനദണ്ഡത്തിൽ അത് നടപ്പാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം തെറ്റുതിരുത്തൽ എന്ന പേരിലുള്ള നടപടികൾക്കെതിരെ ചോദ്യങ്ങൾ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക