സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ സനൽ കുമാർ ശശിധരനെ ഒന്നാം പ്രതിയായും മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ രണ്ടാം പ്രതിയായും മെറ്റയെ മൂന്നാം പ്രതിയായുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹർജി പരിഗണിച്ച കോടതി, മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് സനൽ കുമാർ ശശിധരനെ താത്കാലികമായി വിലക്കി. കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് ഈ മാസം 30-ന് ഹാജരാകാൻ കോടതി നോട്ടീസും നൽകി.
അഭിഭാഷകയും നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി മുഖേനയാണ് മഞ്ജു വാര്യർ കോടതിയെ സമീപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനായി മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചതായാണ് വിവരം.
തനിക്കെതിരെ അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ പ്രചരിപ്പിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് മഞ്ജു വാര്യർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയും മഞ്ജുവിനെക്കുറിച്ച് നിരവധി ആരോപണങ്ങൾ സനൽ കുമാർ ശശിധരൻ ഉന്നയിച്ചിരുന്നു. മഞ്ജു ചിലരുടെ നിയന്ത്രണത്തിലാണെന്നടക്കമുള്ള ആരോപണങ്ങൾ ഉയർത്തിയ അദ്ദേഹം, വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരവും നടത്തിയിരുന്നു.
മാധ്യമങ്ങളോട് പ്രതികരിച്ച ശാന്തി മായാദേവി, മഞ്ജു വാര്യർ എന്ന വ്യക്തിയെ മാത്രമല്ല, സമൂഹത്തിൽ ജീവിക്കുന്ന ഏതൊരാളെയും ബാധിക്കുന്ന തരത്തിലുള്ള സംഭവമാണിതെന്ന് പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്തതും യുക്തിരഹിതവുമായ ആരോപണങ്ങൾ പ്രചരിപ്പിക്കാൻ വേദിയൊരുക്കിയ ഓൺലൈൻ മാധ്യമങ്ങൾക്കും നിയമനടപടികൾ നേരിടേണ്ടിവരുമെന്ന സൂചനയും അവർ നൽകി.
മഞ്ജു വാര്യർ ഇതുവരെ പ്രതികരിക്കാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നുവെന്നും, ഇത്തരം ആരോപണങ്ങൾക്ക് പൊതുവേദിയിൽ മറുപടി നൽകുന്നതിനേക്കാൾ നിയമപരമായ മാർഗമാണ് സ്വീകരിക്കാനാവുകയെന്നും ശാന്തി മായാദേവി വ്യക്തമാക്കി. കോടതിയുടെ ഇടക്കാല ഉത്തരവോടെ കേസ് പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
