ജമുയിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ബിഹാറിലെ ജമുയിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ക്രൂരമായ സദാചാര ആക്രമണത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജമുയി സബ് ഡിവിഷണൽ പോലീസ് ഓഫീസറുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു.

കേസിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരും ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന നാല് പ്രതികൾക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്.

കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ആൺകുട്ടിയെയും പെൺകുട്ടിയെയും ആളൊഴിഞ്ഞ കുന്നിൻ പ്രദേശത്ത് തടഞ്ഞുനിർത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ഇരുവരെയും ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയെ ശാരീരികമായി ആക്രമിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. മണിക്കൂറുകളോളം ഭയത്തിലും സമ്മർദത്തിലും കഴിഞ്ഞ ശേഷമാണ് കുട്ടികളെ വിട്ടയച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പൊതുജന ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത ഇരകളെ ഉൾപ്പെടുത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വീഡിയോ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് ഏകദേശം 32 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

പോക്സോ നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തുനിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക