ആഗോള ഇന്ധന വിതരണത്തിലെ തടസ്സങ്ങളും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും വിപണിയിൽ സമ്മർദ്ദം ശക്തമാക്കുന്നതിനിടെ അമേരിക്കയിൽ ഡീസൽ വില എക്കാലത്തെയും ഉയർന്ന നിലയിലെത്തി. അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച ദേശീയ ശരാശരി ഡീസൽ വില ഗാലണിന് 6.5107 ഡോളറിലെത്തി. ലിറ്ററിന് ഏകദേശം 1.72 ഡോളറാണ് ഇത്.
ഒരാഴ്ച മുമ്പ് ഗാലണിന് 6.23 ഡോളറായിരുന്ന വില ഒരു മാസം മുമ്പ് 5.58 ഡോളറായിരുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഡീസൽ വിലയിൽ ഏകദേശം 76 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇറാനുമായുള്ള അമേരിക്കയുടെ സംഘർഷവും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഊർജ വിതരണത്തിലെ തടസ്സങ്ങളുമാണ് ആഗോള ഡീസൽ വിപണിയിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുന്നത്. യെമന്റെ ചെങ്കടൽ തീരത്തെ ഹൂതി നീക്കങ്ങളും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ബാബ് എൽ-മണ്ടേബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെയും സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതിയെയും സംബന്ധിച്ച അനിശ്ചിതത്വവും വിപണിയെ ബാധിക്കുന്നുണ്ട്.
ഇറാനെതിരായ അടുത്ത നീക്കങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതിനിടെയാണ് വിതരണ ആശങ്കകൾ ശക്തമായത്. സൈനിക നടപടി, സാമ്പത്തിക സമ്മർദ്ദം, ചർച്ചകളിലൂടെ പരിഹാരം എന്നിവ ഉൾപ്പെടെയുള്ള സാധ്യതകൾ പരിഗണിക്കുന്നതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ന്യൂയോർക്കിൽ നടക്കുന്ന യു.എൻ. പൊതുസഭാ സമ്മേളനത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല.
അതേസമയം, അമേരിക്കയുടെ അടുത്ത ആക്രമണം ഉണ്ടായാൽ പുതിയ ആയുധങ്ങൾ ഉപയോഗിക്കുമെന്നും സംഘർഷത്തിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തി വർധിപ്പിക്കുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റഷ്യൻ റിഫൈനറികൾക്ക് നേരെ ഉക്രെയ്ൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ ആഗോള ഡീസൽ ക്ഷാമം കൂടുതൽ രൂക്ഷമാക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. റഷ്യൻ റിഫൈനറി ശേഷിക്ക് നേരെയുണ്ടായ ആക്രമണങ്ങൾ നിരവധി റിഫൈനറികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കൊപ്പം റഷ്യൻ റിഫൈനറികളിലെ തടസ്സങ്ങളും തുടരുന്നത് ആഗോള ഇന്ധന വിതരണ ശൃംഖലയിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്ന ആശങ്കയാണ് വിപണിയിൽ ഉയരുന്നത്.
