സംസ്ഥാനത്ത് ഭരിക്കുന്നത് സംഘപരിവാർ ബി ടീമാണെന്നും ബിജെപിയും യുഡിഎഫും തമ്മിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി, ഇഡി, വി.ഡി. സതീശൻ എന്നിവരെ ഉൾക്കൊള്ളുന്ന പുതിയ രാഷ്ട്രീയ സഖ്യമാണ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്താകെ പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന ബിജെപി നിലപാടിന് യുഡിഎഫ് പിന്തുണ നൽകുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടാണ് ഇഡിയുടെ നടപടികളെന്നും അദ്ദേഹം ആരോപിച്ചു. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഡിജിപിയെ ചുമതലപ്പെടുത്തിയതും അതിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു.
കേസുമായി ബന്ധപ്പെട്ട നിരവധി മൊഴികൾ സമ്മർദത്തിലൂടെയും ഭീഷണിയിലൂടെയും ശേഖരിച്ചതാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇത്തരം നടപടികളെ സിപിഎം രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം നേതാക്കൾക്കെതിരായ രാഷ്ട്രീയ വേട്ടയെന്ന് വിശേഷിപ്പിച്ച നടപടികൾക്കെതിരെ പാർട്ടി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കളെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു
