വ്യാജ പ്രചാരണങ്ങളിലൂടെ ഇഡിയെ കൂട്ടുപിടിച്ച് സിപിഐഎമ്മിനെ ആക്രമിക്കുകയാണ് കോൺഗ്രസെന്ന് ആരോപിച്ച് സിപിഐഎം നേതാവ് ഡോ. ടി.എം. തോമസ് ഐസക്. ഇഡിയോടൊപ്പം ചേർന്ന് സിപിഐഎമ്മിനെ തകർക്കാമെന്നാണ് കേരളത്തിലെ കോൺഗ്രസ് കരുതുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
യുഡിഎഫ് സർക്കാർ ഇഡിയോടൊപ്പം ചേരാൻ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇഡി ഭീഷണിപ്പെടുത്തി ഉണ്ടാക്കിയ മൊഴി പിന്നീട് പിൻവലിക്കപ്പെട്ടിട്ടും അതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും തോമസ് ഐസക് പറഞ്ഞു.
ഇത്തരത്തിലുള്ള നീക്കങ്ങളെ നിയമപരമായി ചോദ്യം ചെയ്യുമെന്നും രാഷ്ട്രീയമായി എതിർത്തു തോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘യുഡിഎഫ്–ബിജെപി ഡീലാണ് വി.ഡി. സതീശൻ സർക്കാരിന്റെ മുഖമുദ്ര’ എന്നും തോമസ് ഐസക് ആരോപിച്ചു. ഗവർണറുടെ ഇടപെടൽ, വന്ദേമാതരം, പിഎം ശ്രീ, ലേബർ കോഡ് തുടങ്ങിയ വിഷയങ്ങളും അദ്ദേഹം വിമർശനത്തിന്റെ ഭാഗമായി ചൂണ്ടിക്കാട്ടി.
പവർകട്ടിന്റെ പേരിൽ സർക്കാരിനെ വിമർശിക്കാനാവില്ലെന്ന ബിജെപിയുടെ വാദം, ബിജെപി ക്രിമിനലുകൾക്ക് നൽകുന്ന സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലും തോമസ് ഐസക് വിമർശനം ഉന്നയിച്ചു. ഏറ്റവും ഒടുവിൽ ഇഡിയുടെ ഇംഗിതത്തിന് വഴങ്ങി മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാഹുൽ ഗാന്ധിക്കും കുടുംബത്തിനുമെതിരെ ഇഡി നടപടിയെടുക്കുമ്പോൾ മാത്രമേ പ്രതിഷേധിക്കേണ്ടതുള്ളൂ എന്ന നിലപാടാണ് കോൺഗ്രസിനെന്ന് തോമസ് ഐസക് ആരോപിച്ചു. അരവിന്ദ് കെജ്രിവാളിനെതിരായ നടപടികളിൽ കോൺഗ്രസ് ഇഡിയെ പിന്തുണച്ചതായും അദ്ദേഹം പറഞ്ഞു.
ഇഡിയെ ഭയന്ന് കോൺഗ്രസിലെ മുൻ മുഖ്യമന്ത്രിമാരും മുൻ എംപിമാരും എംഎൽഎമാരും ബിജെപിയിൽ ചേർന്നുവെന്നും തൃണമൂൽ കോൺഗ്രസ്, ശിവസേന തുടങ്ങിയ പാർട്ടികളെ കീഴടക്കാൻ ബിജെപി ഉപയോഗിച്ച പ്രധാന ആയുധങ്ങളിലൊന്ന് ഇഡിയായിരുന്നുവെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
