മൊബൈൽ ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് ഇനി അനാവശ്യമായി ഉയർന്ന നിരക്കിലുള്ള റീച്ചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കേണ്ടിവരില്ല. വോയ്സ് കോളുകളും എസ്എംഎസും മാത്രം ആവശ്യമായ ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ലഭ്യമാക്കാൻ ടെലികോം കമ്പനികൾക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിർദേശം നൽകി.
ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (13-ാം ഭേദഗതി) റെഗുലേഷൻസ് 2026 പ്രകാരമാണ് ട്രായ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്ക് ആവശ്യത്തിനനുസരിച്ച് വോയ്സ്, എസ്എംഎസ് സേവനങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിൽ പ്രത്യേക റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്നാണ് നിർദേശം.
30 ദിവസമോ അതിൽ കുറവോ കാലാവധിയുള്ള വോയ്സ്, എസ്എംഎസ് പ്ലാനുകൾ ടെലികോം കമ്പനികൾ ലഭ്യമാക്കണം. ഓരോ മാസവും ഒരേ തീയതിയിൽ പുതുക്കാൻ കഴിയുന്ന തരത്തിലുള്ള റീച്ചാർജ് ഓപ്ഷനുകളും ഒരുക്കണം. ഡാറ്റ പ്ലാനുകൾക്ക് സമാനമായി ദീർഘകാല കാലാവധിയുള്ള വോയ്സ്-എസ്എംഎസ് പ്ലാനുകളും നൽകണമെന്ന് ട്രായ് നിർദേശിച്ചിട്ടുണ്ട്.
2024ലെ ഭേദഗതിക്ക് ശേഷം വോയ്സ് മാത്രം ഉൾപ്പെടുന്ന പ്ലാനുകളുടെ എണ്ണം ടെലികോം കമ്പനികൾ കുറച്ചതായി ട്രായ് കണ്ടെത്തിയിരുന്നു. ഇതുമൂലം ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് പോലും ഡാറ്റ ഉൾപ്പെടുന്ന താരതമ്യേന ചെലവേറിയ പ്ലാനുകൾ തിരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായതായും ട്രായ് വിലയിരുത്തി.
തുടർന്നാണ് 2026 ഏപ്രിൽ 7ന് പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ തേടിയത്. ലഭിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാണ് പുതിയ ഭേദഗതി കൊണ്ടുവന്നത്. പുതിയ സംവിധാനം സാധാരണ മൊബൈൽ ഉപഭോക്താക്കൾക്ക് ആവശ്യത്തിന് അനുസരിച്ചുള്ള കുറഞ്ഞ ചെലവിലുള്ള റീച്ചാർജ് തിരഞ്ഞെടുക്കാൻ കൂടുതൽ സൗകര്യം നൽകുമെന്നാണ് പ്രതീക്ഷ.
