യാത്രയ്ക്കായി ആരാണ് വിമാനം സ്പോൺസർ ചെയ്തതെന്ന് വെളിപ്പെടുത്തേണ്ട സാഹചര്യമില്ല: മുഖ്യമന്ത്രി

അടിയന്തര സാഹചര്യങ്ങളിൽ സ്വകാര്യ വ്യക്തികൾ ഏർപ്പെടുത്തുന്ന വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടിവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ നടത്തിയ വിമാനയാത്രകൾ പരസ്യമായാണ് നടത്തിയതെന്നും ഇതുവരെ നടത്തിയ യാത്രകൾക്ക് സർക്കാരിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യാത്രയ്ക്കായി ആരാണ് വിമാനം സ്പോൺസർ ചെയ്തതെന്ന് വെളിപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലപ്പുറത്തുണ്ടായ വലിയ അപകടത്തെ തുടർന്ന് അടിയന്തരമായി അവിടെയെത്തേണ്ട സാഹചര്യമുണ്ടായപ്പോഴാണ് പരിചയക്കാരൻ വിമാനം ഏർപ്പാടാക്കി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

“മലപ്പുറത്ത് വലിയ അപകടമാണുണ്ടായത്. അവിടെ പോയില്ലെങ്കിൽ മുഖ്യമന്ത്രി അങ്ങോട്ടുതിരിഞ്ഞ് നോക്കിയില്ലെന്ന ചർച്ച വരും. അടിയന്തരമായി പോകാൻ മാർഗം അന്വേഷിച്ചപ്പോഴാണ് ഒരു പരിചയക്കാരൻ വിമാനം ഏർപ്പാടാക്കി തന്നത്. അതിൽ പോയതിൽ എന്താണ് തെറ്റ്?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മലയാളിയായ ഒരാൾ ഏർപ്പാടാക്കിയ വിമാനത്തിലാണ് മലപ്പുറത്തേക്ക് പോയതെന്നും ഇനിയും ഇത്തരം യാത്രകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻ ചാണ്ടിയും ഉൾപ്പെടെ കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും മന്ത്രിമാരും ഔദ്യോഗിക ആവശ്യങ്ങൾക്കായി സമാനമായ രീതിയിൽ ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സ്വകാര്യ യാത്രാസൗകര്യങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

വിമാനം ഏർപ്പാടാക്കിയ വ്യക്തിയെ വെളിപ്പെടുത്തേണ്ടതില്ലെന്നും അവരെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തസ്ഥലത്ത് എത്തുന്നതിനായി വിമാനം ഏർപ്പാടാക്കിയതിന് പിന്നിൽ യാതൊരു തരത്തിലുള്ള ഔദാര്യവും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രി കെ.എം. ഷാജി സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ വാഹനം ഉപയോഗിച്ചതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. മന്ത്രിമാരിൽ പലരും ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനങ്ങൾ 2017ൽ വാങ്ങിയവയാണെന്നും വർഷങ്ങളായി ഉപയോഗിക്കുന്നതിനിടെ പല വാഹനങ്ങളും ഇടയ്ക്കിടെ തകരാറിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സാഹചര്യത്തിലാണ് മന്ത്രി ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചതെന്നും അതിൽ തെറ്റൊന്നും കാണുന്നില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക