സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്ക് ക്ഷാമമില്ല; അസൂയയ്ക്കും കഷണ്ടിക്കും മാത്രമാണ് മരുന്നില്ലാത്തത്; മന്ത്രി കെ. മുരളീധരന്റെ പരിഹാസം

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്ക് ക്ഷാമമില്ലെന്ന് മന്ത്രി കെ. മുരളീധരൻ. നിലവിൽ 657 ഇനം മരുന്നുകൾ ആശുപത്രികളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരുന്ന് ക്ഷാമമുണ്ടെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യമേഖലയെക്കുറിച്ച് ചിലർ കുപ്രചാരണം നടത്തുകയാണെന്നും മന്ത്രി വിമർശിച്ചു. ചിലരുടെ അസൂയയ്ക്കും കഷണ്ടിക്കും മാത്രമാണ് നിലവിൽ മരുന്നില്ലാത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്ര സംബന്ധിച്ച വിവാദത്തിലും കെ. മുരളീധരൻ പ്രതികരിച്ചു. കാലത്തിനനുസരിച്ച് മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക യാത്രാ സംവിധാനങ്ങളിലും മാറ്റം വരുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയനും ഇതേ കമ്പനിയുടെ വിമാനം ഉപയോഗിച്ചിട്ടുണ്ടെന്നും യാത്ര സ്പോൺസർ ചെയ്തത് ആരാണെന്ന കാര്യം മാധ്യമങ്ങൾക്ക് അറിയാമെന്നും മുരളീധരൻ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ കൃത്യസമയത്ത് വിശദീകരണം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിലെ സ്വർണക്കിരീടം സംബന്ധിച്ച പ്രചാരണങ്ങളിലും മന്ത്രി നിലപാട് വ്യക്തമാക്കി. തിരുവാഭരണത്തിന്റെ ഭാഗമായ സ്വർണക്കിരീടം സന്നിധാനത്ത് സുരക്ഷിതമാണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനായി എഡിഎമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി തനിക്ക് പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. ആവശ്യമായ ഘട്ടങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക