ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്ഐആർ) നടപടികളുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചുമതലകളിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠി ഹർജി സമർപ്പിച്ചത്.

രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ സമ്മതമില്ലാതെ എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ, മാർഗനിർദേശങ്ങൾ, സോഫ്റ്റ്‌വെയർ മാറ്റങ്ങൾ എന്നിവ സ്വീകരിച്ചെന്ന ആരോപണവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം നടപടികൾ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾക്ക് പിന്തുണയായി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനിലെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് കുറഞ്ഞത് 14 തവണ രേഖാമൂലം വിയോജിപ്പ് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ട പേരുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യഥാർഥ ഫോം 6 പുനഃസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് പട്ടികയിലെ മാറ്റങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരം ഗ്യാനേഷ് കുമാർ, സീനിയർ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ മനീഷ് ഗാർഗ്, ഐടി ഡയറക്ടർ ജനറൽ സീമ ഖന്ന എന്നിവരടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഹർജിയിലുണ്ട്.

എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് അംഗങ്ങൾ രേഖപ്പെടുത്തിയ വിയോജിപ്പുകൾ ഇതിനകം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ഫോർം 6, വോട്ടർ പട്ടികയിലെ പേരുകൾ ചേർക്കുന്നതും നീക്കം ചെയ്യുന്നതും, തെരഞ്ഞെടുപ്പ് ഡാറ്റാബേസിന്റെ കേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങളിലാണ് വിയോജിപ്പുകൾ ഉയർന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മറുപടി രേഖപ്പെടുത്തുക