മുട്ടിൽ മരംമുറിക്കേസ്: പിഴവുകൾ തിരുത്തി പുതുക്കിയ കുറ്റപത്രം സമർപ്പിച്ച് വനം വകുപ്പ്

മുട്ടിൽ മരംമുറിക്കേസിൽ നേരത്തെയുണ്ടായിരുന്ന പിഴവുകൾ തിരുത്തി വനം വകുപ്പ് പുതുക്കിയ കുറ്റപത്രം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ആവശ്യമായ അനുബന്ധ രേഖകൾ ഹാജരാക്കാത്തതും സാങ്കേതിക പിഴവുകളും ചൂണ്ടിക്കാട്ടി ഈ മാസം 17ന് സമർപ്പിച്ച കുറ്റപത്രം കോടതി തിരിച്ചയച്ചിരുന്നു.

കേസ് നമ്പർ 1/21ൽ അഞ്ച് വർഷത്തിന് ശേഷമാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം വൈകിയതിന്റെ കാരണവും മരം മുറിച്ചത് വനഭൂമിയിൽ നിന്നാണോ പട്ടയഭൂമിയിൽ നിന്നാണോ എന്നതിലും നേരത്തെയുള്ള കുറ്റപത്രത്തിൽ വ്യക്തതയില്ലായിരുന്നു. പിടിച്ചെടുത്ത തടിയും മരം കടത്താൻ ഉപയോഗിച്ച ടോറസ് ലോറിയും കണ്ടുകെട്ടുന്നതിനുള്ള നടപടികളും പൂർത്തിയാക്കിയിരുന്നില്ല.

കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ 2021ൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള സ്റ്റേ ഹൈക്കോടതി ഈ മാസം എട്ടിന് നീക്കുകയും പത്ത് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് 17ന് കുറ്റപത്രം സമർപ്പിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നേരത്തെയുള്ള കുറ്റപത്രത്തിലെ പിഴവുകൾ പ്രതികൾക്ക് അനുകൂലമായ നീക്കമാണെന്ന ആരോപണവും ഉയർന്നിരുന്നു. പുതിയ കുറ്റപത്രത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയതായി വനം വകുപ്പ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക