ഹിൽസ മത്സ്യ വ്യാപാരത്തിൽ ‘തിരിച്ചടി; ഇന്ത്യയിൽ നിന്ന് ഇറക്കുമതി നിർത്തി ബംഗ്ലാദേശ്

ഇന്ത്യയിൽ നിന്ന് ഹിൽസ മത്സ്യം ഇറക്കുമതി ചെയ്യാനുള്ള അനുമതികൾ റദ്ദാക്കി ബംഗ്ലാദേശ്. മൽസ്യവകുപ്പ് 103 നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (എൻഒസി) റദ്ദാക്കിയതോടെയാണ് സെപ്റ്റംബർ 23 മുതൽ ബെനാപോൾ വഴി ഇന്ത്യയിൽ നിന്നുള്ള ഹിൽസ ഇറക്കുമതി നിർത്തിയത്.

മൽസ്യവകുപ്പ് ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. എം.ഡി. ഖാലിദ് കനക് സെപ്റ്റംബർ 22ന് ഒപ്പുവച്ച ഉത്തരവിലൂടെയാണ് എൻഒസികൾ റദ്ദാക്കിയത്. എന്നാൽ തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണം സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

നിലവിലെ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്ന് 1,739.5 ടൺ ഹിൽസ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിരുന്നു. ഇതിൽ ഏകദേശം 535 ടൺ ബെനാപോൾ വഴി ബംഗ്ലാദേശിലെത്തിയിരുന്നു. ഗുജറാത്തിൽ നിന്നാണ് പ്രധാനമായും മത്സ്യം എത്തിച്ചത്. ബംഗ്ലാദേശിൽ ഹിൽസ ഉൽപ്പാദനം കുറഞ്ഞതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നത് ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യൻ ഹിൽസയെ പ്രാദേശിക ‘പദ്മ ഹിൽസ’ എന്ന പേരിൽ ഉയർന്ന വിലയ്ക്ക് വിൽക്കുന്നത് തടയുക, കുറഞ്ഞ വില രേഖപ്പെടുത്തി നടത്തുന്ന ഇറക്കുമതിയിലെ ക്രമക്കേടുകൾ നിയന്ത്രിക്കുക, ആഭ്യന്തര ഹിൽസ ഉൽപ്പാദനം സംരക്ഷിക്കുക തുടങ്ങിയവയായിരിക്കാം തീരുമാനത്തിന് പിന്നിലെ കാരണങ്ങളെന്നാണ് വ്യവസായ മേഖലയിൽ നിന്നുള്ള വിലയിരുത്തൽ. എന്നാൽ ഇവ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അപ്രതീക്ഷിതമായ ഇറക്കുമതി നിർത്തലാക്കൽ വ്യാപാരികൾക്ക് തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യയിൽ മത്സ്യം വാങ്ങി ബംഗ്ലാദേശിലേക്ക് അയയ്ക്കാൻ തയ്യാറാക്കിയിരുന്ന വ്യാപാരികൾക്ക് അത് കുറഞ്ഞ വിലയ്ക്ക് തിരിച്ചുവിൽക്കേണ്ട സാഹചര്യമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പരമ്പരാഗത ഹിൽസ വ്യാപാരത്തിലും ഇതോടെ മാറ്റമുണ്ടായി. സാധാരണയായി ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്കാണ് ഹിൽസ എത്താറുള്ളത്. എന്നാൽ ഇത്തവണ ഇന്ത്യയിൽ നിന്ന് ഏകദേശം 500 ടൺ ഹിൽസ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്തിരുന്നു.

മറുപടി രേഖപ്പെടുത്തുക