ഇന്ത്യൻ വിപണിയെയും മറ്റ് വികസ്വര രാജ്യങ്ങളെയും ലക്ഷ്യമിട്ട് പുതിയ തലമുറ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ എഞ്ചിൻ വികസിപ്പിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി. ‘ഡിഐടിസി’ (ഡയറക്ട് ഇഞ്ചക്ഷൻ ടർബോ ചാർജർ) എന്നറിയപ്പെടുന്ന പുതിയ എഞ്ചിൻ മികച്ച പ്രകടനത്തിനൊപ്പം ഉയർന്ന ഇന്ധനക്ഷമതയും ഉറപ്പാക്കുന്ന തരത്തിലാണ് വികസിപ്പിക്കുന്നത്. സുസുക്കിയുടെ ‘ടെക്നോളജി സ്ട്രാറ്റജി 2026’ അവതരണത്തിലാണ് പുതിയ എഞ്ചിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.
സാധാരണ ടർബോ എഞ്ചിനുകൾ പ്രധാനമായും ഉയർന്ന പവറിനും പ്രകടനത്തിനുമാണ് മുൻതൂക്കം നൽകുന്നത്. എന്നാൽ ഡിഐടിസിയിലൂടെ പ്രകടനവും ഇന്ധനക്ഷമതയും തമ്മിൽ മികച്ച സന്തുലിതാവസ്ഥ കൈവരിക്കുകയാണ് സുസുക്കിയുടെ ലക്ഷ്യം. ഡയറക്ട് ഇഞ്ചക്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ചെറിയ ശേഷിയുള്ള എഞ്ചിനിൽനിന്ന് കുറഞ്ഞ ആർപിഎമ്മിൽ പോലും ഉയർന്ന ടോർക്ക് ലഭ്യമാക്കാൻ സാധിക്കും. കൃത്യമായ ഇന്ധന നിയന്ത്രണത്തിലൂടെ മൈലേജ് മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.
എഞ്ചിന്റെ താപ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സുസുക്കി പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. നിലവിൽ സുസുക്കിയുടെ Z12E എഞ്ചിൻ 40 ശതമാനം താപ കാര്യക്ഷമത കൈവരിച്ചിട്ടുണ്ട്. ഭാവിയിൽ ഇത് 50 ശതമാനമായി ഉയർത്താനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി ലീൻ കംബസ്റ്റൻ, മില്ലർ സൈക്കിൾ, ഉയർന്ന കംപ്രഷൻ അനുപാതം തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കും.
മാരുതി സുസുക്കിക്ക് നിർണായകം
ഇന്ത്യൻ വിപണിയിൽ ടർബോ പെട്രോൾ എഞ്ചിനുകളുടെ അനുഭവസമ്പത്ത് മാരുതി സുസുക്കിക്കുണ്ട്. നേരത്തെ ബലേനോ ആർഎസ് മോഡലിൽ 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ എഞ്ചിൻ കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാൽ ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ ഈ എഞ്ചിൻ പിൻവലിച്ചു.
2026 ജൂലൈയിൽ പുറത്തിറക്കിയ ബ്രെസ്സ മോഡലിലൂടെ 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ വീണ്ടും അവതരിപ്പിച്ചെങ്കിലും, നിലവിൽ വികസിപ്പിക്കുന്ന ഡിഐടിസി എഞ്ചിൻ ബൂസ്റ്റർജെറ്റിന്റെ പരിഷ്കരിച്ച പതിപ്പല്ലെന്നാണ് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പൂർണമായും പുതിയ തലമുറ എഞ്ചിനായാണ് ഇത് വികസിപ്പിക്കുന്നത്.
വിലയ്ക്ക് ഏറെ പ്രാധാന്യമുള്ള ഇന്ത്യൻ വിപണിയിൽ പുതിയ എഞ്ചിൻ മാരുതി സുസുക്കിക്ക് തന്ത്രപരമായി പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. ഹാച്ച്ബാക്കുകൾ മുതൽ മിഡ്-സൈസ് എസ്‌യുവികൾ വരെയുള്ള വിവിധ മോഡലുകളിൽ ഇത് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലായിരിക്കും വികസനം.
പ്രകടനം, ഇന്ധനക്ഷമത, മലിനീകരണ നിയന്ത്രണം, വില, വിശ്വാസ്യത എന്നിവ തമ്മിൽ സന്തുലിതാവസ്ഥ കൈവരിക്കുകയാണ് പുതിയ എഞ്ചിനിലൂടെ സുസുക്കി ലക്ഷ്യമിടുന്നത്. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളിലേക്ക് വ്യവസായം മാറിക്കൊണ്ടിരിക്കുമ്പോഴും പരമ്പരാഗത പെട്രോൾ എഞ്ചിനുകളുടെ വികസനം തുടരാനുള്ള സുസുക്കിയുടെ ദീർഘകാല തന്ത്രത്തിലെ പ്രധാന നീക്കമായാണ് പുതിയ ഡിഐടിസി എഞ്ചിൻ അവതരിപ്പിക്കപ്പെടുന്നത്.
