ഗ്യാനേഷ് കുമാർ രാജിവയ്ക്കണം; ജനാധിപത്യത്തിന് ഭീഷണിയെന്ന് പ്രിയങ്ക ഗാന്ധി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം. രാജ്യത്തിനും ജനാധിപത്യ സംവിധാനത്തിനും എതിരെ പ്രവർത്തിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് പുറത്തുവരുന്ന നടപടികൾ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും കമ്മീഷന് ബിജെപിയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും പ്രിയങ്ക ആരോപിച്ചു. ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്ന നിയമപരമായ സംരക്ഷണങ്ങൾ പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (SIR) ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് അംഗങ്ങൾ പലതവണ രേഖാമൂലം എതിർപ്പ് ഉന്നയിച്ചതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണ ഇത്തരം എതിർപ്പുകൾ രേഖപ്പെടുത്തിയെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. ഫോറം 6-ലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് എതിർപ്പുകൾ ഉയർന്നത്.

എന്നാൽ എസ്‌ഐആർ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ മൂന്ന് കമ്മീഷണർമാരുടെയും അംഗീകാരത്തോടെയാണ് എടുത്തതെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷനിലെ വ്യത്യസ്ത അഭിപ്രായങ്ങൾ ആഭ്യന്തര ആലോചനകളുടെ ഭാഗമാണെന്നും അന്തിമ തീരുമാനങ്ങളിൽ ഏകാഭിപ്രായമാണ് ഉണ്ടായതെന്നും അധികൃതർ അറിയിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി നേതാക്കൾ വിജയിക്കാനിരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ആത്മവിശ്വാസത്തോടെ പ്രഖ്യാപനങ്ങൾ നടത്താറുണ്ടെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. എന്നാൽ ജനങ്ങൾക്കിടയിലെ യഥാർഥ സാഹചര്യം വ്യത്യസ്തമാണെന്നും സർക്കാർ നയങ്ങളിൽ ജനങ്ങൾക്ക് തൃപ്തിയില്ലെന്ന് നേരിട്ട് ജനങ്ങളുമായി സംസാരിച്ചാൽ മനസിലാകുമെന്നും അവർ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോൺഗ്രസിന്റെ പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞതായും വിഷയത്തിൽ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക