മലപ്പുറത്തിനെതിരായ പരാമർശം സിപിഎം തന്ത്രത്തിന്റെ ഭാഗം: സണ്ണി ജോസഫ്

പാർട്ടിയിലെ സംഘടനാപരമായ വിഷയങ്ങൾ പരസ്യമായി ചർച്ച ചെയ്യാതെ പാർട്ടിക്കുള്ളിൽ തന്നെ സംസാരിക്കണമെന്നാണ് തന്റെ നിലപാടെന്ന് മന്ത്രി സണ്ണി ജോസഫ്. കേരളത്തിലെ സംഘടനാ കാര്യങ്ങൾ ഡൽഹിയിലെത്തി ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തിൽ കെ.സി. വേണുഗോപാൽ സ്വീകരിച്ച നിലപാട് തന്നെയാണ് തനിക്കുമുള്ളതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഇത് അടൂർ പ്രകാശിന് മാത്രമല്ല, പാർട്ടിയിലെ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം നേതാവ് പി. നന്ദകുമാർ മലപ്പുറത്തിനെതിരെ കടുത്ത വിദ്വേഷ പരാമർശമാണ് നടത്തിയതെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയനും സമാനമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് ആരോപിച്ചു. മലപ്പുറത്തിനെതിരായ ഇത്തരം പരാമർശങ്ങൾ സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു.

നന്ദകുമാറിന്റെ പരാമർശം തിരുത്താൻ സിപിഎമ്മോ അദ്ദേഹമോ തയ്യാറായിട്ടില്ലെന്നും തിരുത്തലിന് പകരം ആവർത്തനത്തിന്റെ പാതയിലാണ് സിപിഎമ്മെന്നും സണ്ണി ജോസഫ് ആരോപിച്ചു. പാർട്ടിയുടെ നിലപാടുകളിൽ വൈരുധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിനെയും സണ്ണി ജോസഫ് വിമർശിച്ചു. പൊലീസ് നടപടിയെ വ്യക്തിപരമായി കാണേണ്ടതില്ലെന്നും പൊലീസുകാരെ ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്താമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക