ഡൽഹി ജന്തർ മന്ദറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ മൂന്ന് വനിതാ മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.
തെരഞ്ഞെടുപ്പ് ക്രമക്കേടുകളും വോട്ടർ പട്ടികയിലെ അപാകതകളും ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ചേർന്ന് നടത്തിയ സമരത്തിനിടെയായിരുന്നു സംഭവം. പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ എസിപി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറുകയും ലൈംഗികമായി അതിക്രമിക്കുകയും ചെയ്തതായി മൂന്ന് വനിതാ മാധ്യമപ്രവർത്തകർ ആരോപിച്ചു.
ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഒരു ഉദ്യോഗസ്ഥൻ തള്ളുകയും അനാവശ്യമായി സ്പർശിക്കുകയും ചെയ്തതായി പരാതിക്കാരിൽ ഒരാൾ വെളിപ്പെടുത്തി. പരാതി ലഭിച്ചതായി സ്ഥിരീകരിച്ച ഡൽഹി പൊലീസ്, നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കുന്നതിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി അറിയിച്ചു.
സംഭവത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നും തലസ്ഥാന നഗരിയിൽ പോലും അത്തരം സാഹചര്യം ഇല്ലാതാകുന്നത് മാധ്യമസ്വാതന്ത്ര്യത്തിന് തിരിച്ചടിയാണെന്നും കൗൺസിൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇതിനിടെ, വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. വനിതാ മാധ്യമപ്രവർത്തകരുടെ പരാതിയിൽ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് ഗുരുതര വീഴ്ചയാണെന്ന് അദ്ദേഹം ആരോപിച്ചു.
മാധ്യമപ്രവർത്തകരെ വലിച്ചിഴയ്ക്കുകയും ക്യാമറകൾ പിടിച്ചെടുക്കുകയും ചെയ്തെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഒരു സ്ത്രീയുടെ പരാതിയിൽ പോലും കേസ് രജിസ്റ്റർ ചെയ്യാൻ മടിക്കുന്ന സർക്കാർ ആരെയാണ് സംരക്ഷിക്കുന്നതെന്ന് അമിത് ഷാ മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിലൂടെ ആവശ്യപ്പെട്ടു.
