അംബാനിയെ പിന്നിലാക്കി അദാനി; വീണ്ടും ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ

ഇന്ത്യയിലെ ഏറ്റവും ധനികരുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്ത് ഗൗതം അദാനി. മുകേഷ് അംബാനിയെ മറികടന്നാണ് അദാനി ഒന്നാം സ്ഥാനത്തെത്തിയത്. M3M ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2026 പ്രകാരമുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

റിപ്പോർട്ട് പ്രകാരം ഗൗതം അദാനിയുടെയും കുടുംബത്തിന്റെയും ആസ്തി 13 ശതമാനം ഉയർന്ന് 9.23 ലക്ഷം കോടി രൂപയായി. അതേസമയം, മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും സമ്പത്ത് 10 ശതമാനം കുറഞ്ഞ് 8.63 ലക്ഷം കോടി രൂപയായി. ഇതോടെ അദാനി കുടുംബത്തിന് അംബാനി കുടുംബത്തേക്കാൾ ഏകദേശം 59,400 കോടി രൂപയുടെ അധിക ആസ്തിയാണുള്ളത്.

പട്ടികയിൽ മൂന്നാം സ്ഥാനത്ത് ആർസെലർ മിത്തൽ ഗ്രൂപ്പ് ഉടമ എൽ.എൻ. മിത്തലിന്റെ കുടുംബമാണ്. 93 ശതമാനം വർധനയോടെ 3.39 ലക്ഷം കോടി രൂപയാണ് മിത്തൽ കുടുംബത്തിന്റെ കണക്കാക്കിയ ആസ്തി.

അതേസമയം, രാജ്യത്തെ സമ്പന്നരുടെ പട്ടികയിൽ വനിതാ സംരംഭകരുടെ സാന്നിധ്യവും വർധിച്ചു. ഈ വർഷം 131 പുതിയ വനിതകൾ പട്ടികയിൽ ഇടം നേടിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. വനിതാ ധനികരുടെ പട്ടികയിൽ 2.79 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി റോഷ്‌നി നാടാർ മൽഹോത്രയാണ് മുന്നിൽ.

ഇന്ത്യയിലെ ഡോളർ ശതകോടീശ്വരന്മാരുടെ എണ്ണവും റെക്കോർഡ് ഉയരത്തിലെത്തി. 391 പേരാണ് ഇത്തവണ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ഡോളർ ശതകോടീശ്വരന്മാരുള്ള നഗരമെന്ന സ്ഥാനം മുംബൈ നിലനിർത്തി. ബെംഗളൂരും ഡൽഹിയുമാണ് തൊട്ടുപിന്നിലുള്ളത്.

സാങ്കേതികവിദ്യാ മേഖലയിൽ നിന്നുള്ള പുതിയ ശതകോടീശ്വരന്മാരുടെ എണ്ണത്തിലും വർധനയുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ നിന്നുള്ള 19 പേർ പട്ടികയിൽ ഇടം നേടിയപ്പോൾ, ഇവരിൽ 15 പേർ ആദ്യമായി പട്ടികയിലെത്തിയവരാണ്.

ക്വാണ്ടം കമ്പ്യൂട്ടിംഗ് മേഖലയിൽ നിന്നും ആദ്യമായി ഒരാൾ പട്ടികയിൽ ഇടം നേടി. ബെംഗളൂരു ആസ്ഥാനമായ ക്യുപിഐഎഐയുടെ നാഗേന്ദ്ര നാഗരാജയാണ് 1,700 കോടി രൂപയുടെ ആസ്തിയുമായി ഈ വിഭാഗത്തിൽ പട്ടികയിലെത്തിയ ആദ്യ വ്യക്തിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക