രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കുന്ന നടപടികളെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ഇന്ത്യൻ ഭരണഘടന വോട്ടവകാശമുള്ളവരെന്നും വോട്ടവകാശമില്ലാത്തവരെന്നും രണ്ട് വിഭാഗം പൗരന്മാരെ വിഭാവനം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ നൽസാർ ലോ യൂണിവേഴ്‌സിറ്റിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഭുയാൻ.
ആരും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും വോട്ടവകാശം ദുർബലപ്പെടുത്തുന്ന ഒരു നടപടിയും കോടതിക്ക് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനം വോട്ടാണ്. പൗരനിൽ നിന്ന് വോട്ടവകാശമോ വോട്ടർപട്ടികയിൽ ഉൾപ്പെടാനുള്ള അവകാശമോ വേർപെടുത്താനാകില്ലെന്നും ജസ്റ്റിസ് ഭുയാൻ പറഞ്ഞു.
ദശലക്ഷക്കണക്കിന് പൗരന്മാരെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കുന്ന ഏതൊരു നടപടിയും ഭരണഘടനാപരമായി ഏകപക്ഷീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ ഇന്ത്യ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടനയിൽ വോട്ടവകാശമുള്ള പൗരന്മാരെന്നും വോട്ടവകാശമില്ലാത്ത പൗരന്മാരെന്നും രണ്ട് വിഭാഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശം ഇല്ലാതാക്കുന്നത് ഭരണഘടനയുടെ 14, 326 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ജസ്റ്റിസ് ഭുയാൻ പറഞ്ഞു. ഇത്തരം നടപടികൾ രാജ്യത്തിന്റെ ഭരണഘടനാ ക്രമത്തെ തന്നെ ദുർബലപ്പെടുത്തുന്നതാണ്. ഏതൊരു ഭരണകൂടത്തിനോ കോടതിക്കോ ഇതിന് അനുമതി നൽകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
