കാപ്പാ തടങ്കലിൽ നിന്നും ആർ. സുഗതൻ ജയിൽ മോചിതൻ; സ്വീകരിച്ച് സുരേഷ് ഗോപി

കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതൻ ജയിൽ മോചിതനായി. പുറത്തിറങ്ങിയ സുഗതനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.

തന്നോടൊപ്പം നിന്ന ബിജെപി പ്രവർത്തകർക്കും പാർട്ടിക്കും നന്ദി അറിയിച്ച സുഗതൻ, താൻ രാഷ്ട്രീയ വേട്ടയാടലിന് ഇരയായിരുന്നുവെന്ന് ആരോപിച്ചു. തന്റെ വാർഡിലെ കാര്യങ്ങളിലും കുടുംബത്തിന് പിന്തുണ നൽകുന്നതിലും ബിജെപി ഒപ്പമുണ്ടായിരുന്നുവെന്നും നിയമപോരാട്ടം നടത്തിയ അഭിഭാഷകർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനായുള്ള ജനകീയ സമരത്തിന്റെ സംഘാടകനായതു മുതൽ തന്നെ ലക്ഷ്യമിട്ടിരുന്നുവെന്നാണ് സുഗതന്റെ ആരോപണം. ആ സമരവുമായി ബന്ധപ്പെട്ടാണ് ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്കുവേണ്ടി മാത്രമാണ് ഇടപെട്ടിട്ടുള്ളതെന്നും, ഒരു പൊലീസുകാരൻ വിചാരിച്ചാൽ പോലും ഒരാളെ ജയിലിലാക്കാമെന്ന് തന്റെ അനുഭവം തെളിയിക്കുന്നുവെന്നും സുഗതൻ ആരോപിച്ചു. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനായുള്ള പതിറ്റാണ്ടുകളായുള്ള സമരം തുടരുമെന്നും, വികസനം നടപ്പായില്ലെങ്കിൽ വീണ്ടും സമരരംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക