സ്റ്റാർലിങ്കിന് പച്ചക്കൊടി, പക്ഷേ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; മസ്‌കിനോട് രാജീവ് ചന്ദ്രശേഖർ

ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്ക് സുരക്ഷാ അനുമതി നിർബന്ധമാക്കുന്ന നടപടിയെ ന്യായീകരിച്ച് കേരള ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുമ്പോഴും ദേശീയ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ഉപഗ്രഹ ആശയവിനിമയ സേവനദാതാക്കൾക്ക് ഒരേ മാനദണ്ഡങ്ങളാണ് ബാധകമാകുന്നതെന്നും അദ്ദേഹം എക്‌സിലെ പോസ്റ്റിൽ വ്യക്തമാക്കി. ശതകോടീശ്വരൻ എലോൺ മസ്‌കിനെ അഭിസംബോധന ചെയ്തായിരുന്നു പ്രതികരണം.

സ്പെക്ട്രം അനുവദിക്കുന്നതിന് മുമ്പ് സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കേണ്ടതുണ്ടെന്ന് ചന്ദ്രശേഖർ പറഞ്ഞു. തുറന്ന മത്സരം, സുരക്ഷിതമായ അടിസ്ഥാനസൗകര്യങ്ങൾ, നിയമപരമായ ഉത്തരവാദിത്തം എന്നിവയാണ് ഇന്ത്യയുടെ ടെലികോം-ഇന്റർനെറ്റ് മേഖലയെ നയിക്കേണ്ട പ്രധാന തത്വങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭീകരാക്രമണങ്ങളും അതിർത്തി സുരക്ഷാ വെല്ലുവിളികളും നേരിടുന്ന ഇന്ത്യയിൽ സാറ്റലൈറ്റ് ആശയവിനിമയ സംവിധാനങ്ങളുടെ സുരക്ഷാ പ്രത്യാഘാതങ്ങൾ ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയവും സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങളും പുതിയ സുരക്ഷാ വെല്ലുവിളികൾ സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മസ്‌കിന്റെ സ്റ്റാർലിങ്ക് സാങ്കേതികവിദ്യയെ ചന്ദ്രശേഖർ പ്രശംസിച്ചു. സാങ്കേതികമായി മികച്ചതും ആശയവിനിമയ രംഗത്ത് പുതിയ സാധ്യതകൾ തുറക്കുന്നതുമായ സംവിധാനമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ പുതിയ സാങ്കേതികവിദ്യകൾക്ക് അനുമതി നൽകുമ്പോൾ ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുന്നതിനുള്ള സുരക്ഷാ അനുമതികളും നടപടിക്രമങ്ങളും സംബന്ധിച്ച ചർച്ചകൾക്കിടെയാണ് ചന്ദ്രശേഖറിന്റെ പ്രതികരണം.

മറുപടി രേഖപ്പെടുത്തുക