വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കേരള ഹൈക്കോടതി. ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ നടപടി. വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നാണ് കോടതി നിർദേശം. സിബിഐയുടെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തള്ളിയാണ് ഉത്തരവ്.
ബാലഭാസ്‌കറിന്റെ മരണം വാഹനാപകടമാണെന്നും ഗൂഢാലോചനയ്ക്ക് തെളിവുകളില്ലെന്നുമായിരുന്നു സിബിഐയുടെ റിപ്പോർട്ട്. ഇതിനെ ചോദ്യം ചെയ്ത മാതാപിതാക്കൾ, മകന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.
ബാലഭാസ്‌കറുമായി അടുപ്പമുണ്ടായിരുന്ന മാനേജർമാരും സഹായികളും പിന്നീട് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായതും മാതാപിതാക്കൾ സംശയമായി ഉന്നയിച്ചിരുന്നു. ബാലഭാസ്‌കർ അറിയാതെ വാഹനത്തിൽ സ്വർണം കടത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നാണ് അവരുടെ ആവശ്യം.
