ഇഡിയുടേത് രാഷ്ട്രീയ പ്രേരിത കള്ളക്കേസ്; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എം.വി. ജയരാജൻ

ഇഡി രാഷ്ട്രീയ പ്രേരിതമായ കള്ളക്കേസാണ് എടുത്തിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരജി പരിഗണിക്കുമ്പോൾ ബന്ധപ്പെട്ടവരെ കേൾക്കുക എന്നത് സാമാന്യനീതിയുടെ ഭാഗമാണെന്നും എന്നാൽ ഈ കേസിൽ അതുണ്ടായില്ലെന്നും ജയരാജൻ ആരോപിച്ചു. സിപിഐഎം നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടികൾ തീരുമാനിക്കും. ഭീഷണിപ്പെടുത്തി നേടിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇഡി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതെന്നും വ്യാജ മൊഴികളും രേഖകളും സൃഷ്ടിച്ചെന്ന ആരോപണങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇഡിയുടെ രാഷ്ട്രീയ വേട്ടയ്ക്ക് സർക്കാർ അഭിഭാഷകൻ കോടതിയിൽ പിന്തുണ നൽകിയെന്ന വിമർശനവും ജയരാജൻ ഉന്നയിച്ചു. ആരോപണവിധേയരെ കോടതി കേൾക്കാത്ത സാഹചര്യത്തിൽ സർക്കാർ തന്നെ അപ്പീൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകളില്ലെന്നും ഇഡിയുടെ ഭീഷണി സംബന്ധിച്ച മൊഴികൾ കോടതിയിലെത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി വിരുദ്ധ നിലപാടുള്ളവരെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ഹർജിയെന്നും ജയരാജൻ പറഞ്ഞു. വിഷയത്തിൽ തങ്ങൾക്ക് ഭയപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക