നീറ്റ് പരീക്ഷാ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ച വിവാദവും ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതൃത്വത്തിൽ ഡൽഹിയിൽ തുടരുന്ന വിദ്യാർത്ഥി സമരത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്തുണ ഉയരുന്നതിനിടെ, നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെടുത്തിയ ഒരു പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് കൃഷ്ണകുമാർ തന്റെ നിലപാട് വ്യക്തമാക്കിയത്. “കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ… പിന്നെയാ… ഡൽഹി” എന്ന വാചകം ഉൾപ്പെട്ട പോസ്റ്ററിനൊപ്പമാണ് അദ്ദേഹം പ്രതികരണം പങ്കുവച്ചത്. പോസ്റ്റിനൊപ്പം “ജയ് ഹിന്ദ്” എന്ന കുറിപ്പും കൃഷ്ണകുമാർ ചേർത്തിരുന്നു.
പോസ്റ്റ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതികരണങ്ങളാണ് ഉയർന്നത്. വിദ്യാർത്ഥികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃഷ്ണകുമാർ സ്വീകരിച്ച നിലപാടിനെതിരെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ ആശങ്കകളെ ഗൗരവമായി കാണേണ്ടതുണ്ടെന്നാണ് വിമർശകരുടെ അഭിപ്രായം. വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിലപാടിനെ ന്യായീകരിക്കുന്നത് ശരിയല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.
അതേസമയം, ഡൽഹിയിൽ തുടരുന്ന വിദ്യാർത്ഥി പ്രതിഷേധവും അതിനിടെ ഉണ്ടായ പോലീസ് നടപടികളും ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സമരക്കാർക്കെതിരായ പോലീസ് നടപടിയെ ചൊല്ലി പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും കേന്ദ്ര സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്.
