രജനീകാന്ത് നായകനായ ‘ജയിലർ 2’നെ പ്രശംസിച്ച് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. ചിത്രത്തിലെ രജനീകാന്തിന്റെ താരപ്രഭാവത്തെയും സ്റ്റൈലിനെയും പ്രകടനത്തെയും വാനോളം പുകഴ്ത്തിയ താരം, സംവിധായകൻ നെൽസൺ ദിലീപ്കുമാറിനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനും അഭിനന്ദനങ്ങൾ അറിയിച്ചു.
എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു അല്ലു അർജുന്റെ പ്രതികരണം. രജനീകാന്തിന്റെ താരപദവിയും പ്രഭാവലയവും ഒരുപോലെ പ്രകടമാകുന്ന ചിത്രമാണ് ‘ജയിലർ 2’ എന്ന് അദ്ദേഹം കുറിച്ചു. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന വാണിജ്യ സിനിമയെന്ന നിലയിൽ ചിത്രം മികച്ചുനിൽക്കുന്നുവെന്നും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും നിർമാതാക്കളും സിനിമയ്ക്കായി മികച്ച സംഭാവന നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഷർട്ട് കീറാതെ 500 കോടിയിലധികം കളക്ഷൻ നേടാൻ രജനീകാന്തിന് മാത്രമേ കഴിയൂ’ എന്ന പരാമർശവും അല്ലു അർജുന്റെ പ്രശംസയിൽ ശ്രദ്ധേയമായി.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നിരവധി സിനിമാ പ്രവർത്തകരാണ് അണിയറപ്രവർത്തകരെ അഭിനന്ദിച്ചത്. ബോളിവുഡ് താരം റിതേഷ് ദേശ്മുഖ് തിയേറ്ററിലെ ഓരോ രംഗവും ആവേശത്തോടെയാണ് ആസ്വദിച്ചതെന്ന് പ്രതികരിച്ചു. കമൽഹാസനും രജനീകാന്തിനെ അഭിനന്ദിച്ചു. ധനുഷ് ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, സംവിധായകരായ ലിംഗുസാമി, വെങ്കട്ട് പ്രഭു, കാർത്തിക് സുബ്ബരാജ് എന്നിവരും രജനീകാന്തിന്റെ പ്രകടനത്തെയും നെൽസന്റെ സംവിധാനത്തെയും അനിരുദ്ധിന്റെ സംഗീതത്തെയും പ്രശംസിച്ചു.
