റോഡപകടങ്ങൾ കുറയ്ക്കുന്നതിനും വാഹനയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനുമായി കാറുകളിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം (AEBS) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. 2032 ഒക്ടോബർ ഒന്നുമുതൽ ഡ്രൈവർ ഉൾപ്പെടെ പരമാവധി എട്ടുപേർക്ക് യാത്ര ചെയ്യാവുന്ന M1 വിഭാഗത്തിലെ എല്ലാ കാറുകളിലും ഈ സംവിധാനം ഉറപ്പാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇതിന്റെ ഭാഗമായി 1989-ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി. വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും എതിർപ്പുകളും അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
അപകടസാധ്യത തിരിച്ചറിഞ്ഞ് സ്വയം ബ്രേക്കിടും
അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിന്റെ (ADAS) ഭാഗമായ AEBS, മുന്നിലുള്ള വാഹനമോ തടസ്സമോ മൂലം കൂട്ടിയിടിക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിയുമ്പോൾ പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനമാണ്. ഡ്രൈവർ സമയബന്ധിതമായി ബ്രേക്ക് പ്രയോഗിച്ചില്ലെങ്കിൽ സിസ്റ്റം സ്വയം ബ്രേക്കിടും. അപകടം പൂർണമായി ഒഴിവാക്കുന്നതിനോ കൂട്ടിയിടിയുടെ ആഘാതവും നാശനഷ്ടങ്ങളും കുറയ്ക്കുന്നതിനോ ഇത് സഹായിക്കും.
നിർദ്ദേശപ്രകാരം, 2028 ഒക്ടോബർ ഒന്നുമുതൽ M1 വിഭാഗത്തിലെ കാറുകളും AEBS ഘടിപ്പിച്ച N1 വിഭാഗത്തിലെ ലൈറ്റ് ഗുഡ്സ് വാഹനങ്ങളും AIS-185 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. 2030 ഒക്ടോബർ ഒന്നുമുതൽ പുതുതായി നിർമ്മിക്കുന്ന M1 കാറുകളിൽ AEBS നിർബന്ധമാക്കും. നിലവിൽ ഉൽപ്പാദനത്തിലുള്ള മോഡലുകൾ ഉൾപ്പെടെ M1 വിഭാഗത്തിലെ എല്ലാ കാറുകൾക്കും 2032 ഒക്ടോബർ ഒന്നുമുതൽ വ്യവസ്ഥ ബാധകമാകും. ഹാച്ച്ബാക്ക്, സെഡാൻ, എസ്യുവി, എംയുവി തുടങ്ങിയ സാധാരണ പാസഞ്ചർ കാറുകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.
സ്റ്റിയറിംഗ്, ലെയ്ൻ കീപ്പിംഗ് സംവിധാനങ്ങൾക്കും ചട്ടങ്ങൾ
വാഹനങ്ങളുടെ സ്റ്റിയറിംഗ് സംവിധാനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി 2027 ഒക്ടോബർ ഒന്നുമുതൽ AIS-193 മാനദണ്ഡങ്ങൾ നടപ്പാക്കാനും കരടിൽ നിർദ്ദേശമുണ്ട്. സ്റ്റിയറിംഗ് വീലില്ലാത്ത മോട്ടോർസൈക്കിളുകൾ, ഭിന്നശേഷിക്കാർക്കായി രൂപകൽപ്പന ചെയ്ത വാഹനങ്ങൾ, ത്രീവീലറുകൾ എന്നിവയ്ക്ക് ഇളവ് നൽകാനാണ് നിർദ്ദേശം. ഓട്ടോമാറ്റിക് കമാൻഡ് സ്റ്റിയറിംഗ് ഫംഗ്ഷനാലിറ്റി (ACSF) ഉള്ള M1 കാറുകളും ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.
എമർജൻസി ലെയ്ൻ കീപ്പിംഗ് സിസ്റ്റം (ELKS) ഘടിപ്പിച്ച വാഹനങ്ങൾക്ക് AIS-191 പാർട്ട് ഒന്നിലെ വ്യവസ്ഥകൾ ബാധകമാകും. ട്രാൻസ്പോർട്ട് വാഹനങ്ങളായി രജിസ്റ്റർ ചെയ്ത M1 കാറുകളിൽ 2029 ഒക്ടോബർ ഒന്നുമുതൽ ACSF, ELKS സംവിധാനങ്ങൾ നിർബന്ധമാക്കാനും നിർദ്ദേശമുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോകുന്നതും ജാഗ്രത കുറയുന്നതും തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ അവതരിപ്പിക്കുന്നതും സുരക്ഷാ നിർദ്ദേശങ്ങളുടെ ഭാഗമാണ്.
ട്രക്കുകൾക്കും ബസുകൾക്കും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ
വാണിജ്യ വാഹനങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും കേന്ദ്രം പുതിയ വ്യവസ്ഥകൾ മുന്നോട്ടുവച്ചിട്ടുണ്ട്. 2027 ജനുവരി മുതൽ പുറത്തിറങ്ങുന്ന പുതിയ ട്രക്ക്, ബസ് മോഡലുകളിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മുന്നറിയിപ്പ്, വാഹനം നീങ്ങിത്തുടങ്ങുമ്പോൾ മുന്നറിയിപ്പ് നൽകുന്ന സംവിധാനം, ഡ്രൈവർ ഉറക്കം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ, ലെയ്ൻ മാറുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സംവിധാനം എന്നിവ ഉൾപ്പെടുത്താനാണ് നിർദ്ദേശം.
2027 ഒക്ടോബർ ഒന്നുമുതൽ ട്രക്കുകൾക്ക് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) ഉൾപ്പെടെയുള്ള പുതുക്കിയ ബ്രേക്കിംഗ് മാനദണ്ഡങ്ങളും നടപ്പാക്കാൻ കരട് വിജ്ഞാപനം നിർദ്ദേശിക്കുന്നു. വാഹനങ്ങൾ തമ്മിലുള്ള ആശയവിനിമയ സംവിധാനമായ വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) സാങ്കേതികവിദ്യയും സുരക്ഷാ പദ്ധതിയുടെ ഭാഗമാണ്. 2028 ഒക്ടോബർ ഒന്നുമുതൽ പുതുതായി നിർമ്മിക്കുന്ന എല്ലാ വാഹനങ്ങളിലും ഈ സംവിധാനം നിർബന്ധമാക്കാനാണ് നിർദ്ദേശം. വാഹനങ്ങളുടെ വേഗത, സ്ഥാനം, സഞ്ചാരദിശ തുടങ്ങിയ വിവരങ്ങൾ പരസ്പരം കൈമാറാൻ V2V സാങ്കേതികവിദ്യ സഹായിക്കും.
കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളും എതിർപ്പുകളും പരിശോധിച്ച ശേഷമായിരിക്കും കേന്ദ്ര സർക്കാർ അന്തിമ ചട്ടങ്ങൾ രൂപപ്പെടുത്തുക. നിർദ്ദേശങ്ങൾ നടപ്പായാൽ കാറുകൾക്കും വാണിജ്യ വാഹനങ്ങൾക്കും കൂടുതൽ സുരക്ഷാ സാങ്കേതികവിദ്യകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
