ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്നും മുതിർന്ന ഇറാനിയൻ നയതന്ത്രജ്ഞൻ അബ്ദുൾ മജീദ് ഹക്കീം ഇലാഹി. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം ഇറാൻ പ്രസിഡന്റുമായി മൊജ്തബ ഏഴ് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ അന്നത്തെ പരമോന്നത നേതാവും മൊജ്തബയുടെ പിതാവുമായ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെയാണ് ഇറാന്റെ നേതൃത്വത്തിൽ മാറ്റമുണ്ടായത്. ആക്രമണത്തിൽ മൊജ്തബയ്ക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് പരമോന്നത നേതാവായി ചുമതലയേറ്റെങ്കിലും അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തത് ആരോഗ്യസ്ഥിതിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംശയങ്ങൾക്കിടയാക്കി.
മൊജ്തബ പൂർണ ആരോഗ്യവാനാണെന്നും തന്റെ ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുന്നുണ്ടെന്നും ഇലാഹി പറഞ്ഞു. സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാത്തതെന്നും പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മൊജ്തബ പങ്കെടുത്തിരുന്നുവെന്നും ഇലാഹി അവകാശപ്പെട്ടു.
അതേസമയം, ഇറാനെ ഇപ്പോൾ ആരാണ് ഭരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്കിയാനുമായും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായും അമേരിക്ക സംസാരിക്കുന്നുണ്ടെങ്കിലും രാജ്യത്ത് ഇവർക്കുള്ള അധികാരത്തിന്റെ വ്യാപ്തി വ്യക്തമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, ഇറാനിൽ തീരുമാനങ്ങളെടുക്കുന്നത് ആരാണെന്നും രാജ്യത്തെ പ്രതിനിധീകരിക്കുന്നത് ആരാണെന്നും യുഎസ് ഉദ്യോഗസ്ഥർക്ക് വ്യക്തമായി അറിയാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മൊജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയും ഭരണത്തിലുള്ള പങ്കും സംബന്ധിച്ച ചർച്ചകൾക്കിടെ, ഇറാന്റെ നേതൃത്വത്തെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.
