കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് തങ്ങളുടെ ‘പരാജയപ്പെട്ട ഉത്പന്നം’ എത്രകാലം ലോഞ്ച് ചെയ്യാൻ ശ്രമിക്കുമെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എൻഡിടിവി വേൾഡ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു മോദി.
രാഹുൽ ഗാന്ധിയെ അവതരിപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണങ്ങളെക്കാൾ കൂടുതലാണെന്നായിരുന്നു മോദിയുടെ പരിഹാസം. വിദേശരാജ്യങ്ങളിൽ പോയി ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ തേടുകയും ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു.
മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും വളർച്ചയെ തടസ്സപ്പെടുത്തുന്ന ‘പരാന്നജീവി’യാണ് കോൺഗ്രസെന്നും അധികാരം നഷ്ടപ്പെട്ടതിലുള്ള നിരാശയാണ് പാർട്ടി പ്രകടിപ്പിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടങ്ങൾക്കായി രാജ്യത്തിന്റെ അഭിമാനവും വികസനവും ബലികഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
