സാമ്പത്തിക കൊള്ളയുടെ ചെറിയ അറ്റം മാത്രമാണ് പുറത്തുവന്നത്; മുസ്ലിം ലീഗിനും കെഎംസിസിക്കുമെതിരെ കെ.ടി. ജലീൽ

മുസ്ലിം ലീഗിനും പോഷക സംഘടനയായ കെഎംസിസിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി. ജലീൽ. ഖത്തർ കെഎംസിസിയുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ ജലീൽ, സംഘടനകളുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപി പ്രവർത്തകനെ ഉപയോഗിച്ച് എട്ടുകോടി രൂപയുടെ കൊള്ള നടത്തിയെന്ന ആരോപണം ഉന്നയിച്ച അദ്ദേഹം, സമുദായത്തെ പ്രതിസന്ധിയിലാക്കാൻ ആർഎസ്എസിനെ ഉപയോഗിക്കില്ലെന്ന് എന്താണ് ഉറപ്പെന്നും ചോദിച്ചു.

ഖത്തർ കെഎംസിസി നിയമവിരുദ്ധ ഇൻഷുറൻസ് പദ്ധതിയെന്ന പേരിൽ സാധാരണ ലീഗ് പ്രവർത്തകരിൽനിന്ന് സ്വരൂപിച്ച കോടികൾ ഓഫീസിലെ ലോക്കറിൽ സൂക്ഷിച്ചുവെന്നും പണം ബാങ്കിൽ നിക്ഷേപിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും ജലീൽ ആരോപിച്ചു. ഈ പണം കവർച്ച ചെയ്യാൻ ബിജെപി പ്രവർത്തകൻ ഉൾപ്പെടുന്ന സംഘത്തെ ഖത്തറിലെത്തിച്ചെന്നും എട്ടുകോടി രൂപ കൊള്ളയടിച്ചശേഷം തുക കെഎംസിസി നേതാക്കൾക്ക് കൈമാറിയെന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു. കവർച്ചയ്ക്കുള്ള പ്രതിഫലം ലഭിക്കാത്തതിനെത്തുടർന്ന് സംഘത്തിലെ ഒരാൾ പൊലീസിൽ കീഴടങ്ങി കുറ്റം സമ്മതിച്ചതായും ജലീൽ ആരോപിച്ചു.

കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാൻ ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന പേരിൽ ദുബായ് കെഎംസിസി സമാഹരിച്ച 16.5 കോടി രൂപയുമായി ബന്ധപ്പെട്ടും തർക്കങ്ങളും ആരോപണങ്ങളും തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് ദേശീയ കമ്മിറ്റികൾ എന്നിവയുടെ പണപ്പിരിവും ചെലവുകളും സംബന്ധിച്ച് നേരത്തെയും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ടെന്നും ജലീൽ പറഞ്ഞു. കത്വ–ഉന്നാവോ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാക്കൾക്കെതിരെ ആരോപണങ്ങളും നിയമനടപടികളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പരാമർശിച്ചു.

‘പിരിക്കുക, കക്കുക, മുക്കുക’ എന്നത് ക്യാൻസർ പോലെ ലീഗിനെ കാർന്നുതിന്നുകയാണെന്ന കടുത്ത വിമർശനവും ജലീൽ ഉന്നയിച്ചു. കെഎംസിസിയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്നത് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

മതത്തെയും വിശ്വാസത്തെയും മുൻനിർത്തി ലീഗും പോഷക സംഘടനകളും രാഷ്ട്രീയമായും സാമ്പത്തികമായും ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും ജലീൽ കുറ്റപ്പെടുത്തി. ലീഗ്, യൂത്ത് ലീഗ്, കെഎംസിസി എന്നിവയുടെ സാമ്പത്തിക ഇടപാടുകൾ തുറന്നുകാട്ടിയില്ലെങ്കിൽ ആരോപണങ്ങളുടെ പേരിൽ മുസ്ലിം സമുദായം ഒന്നാകെ പ്രതിക്കൂട്ടിലാകുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മറുപടി രേഖപ്പെടുത്തുക