വിജിലൻസിലെ ടി സെക്ഷൻ വിവരാവകാശ പരിധിക്ക് പുറത്ത്; സർക്കാർ വിജ്ഞാപനത്തിനെതിരെ വിമർശനം

സംസ്ഥാന വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന കേസുകളിലെ നിർണായക വിവരങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് വിജിലൻസിലെ ടി സെക്ഷൻ. ഇതോടെ ഈ വിഭാഗത്തിലെ രേഖകൾ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭ്യമാകില്ല.

ടി സെക്ഷനിലേക്ക് ഏതൊക്കെ രേഖകൾ മാറ്റണമെന്ന് തീരുമാനിക്കാനുള്ള അധികാരം വിജിലൻസ് ഡയറക്ടർക്കായിരിക്കും. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകളിലെ വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് മറച്ചുവയ്ക്കാനുള്ള നീക്കമാണിതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

2016ലും ടി സെക്ഷനെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് പിന്നീട് ഉത്തരവ് പിൻവലിച്ചു. വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്ന ആദ്യഘട്ടത്തിലും ഈ രഹസ്യ വിഭാഗത്തെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് 2022ൽ ടി സെക്ഷനെ വീണ്ടും വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്തി.

ഇപ്പോൾ വീണ്ടും ഒഴിവാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ഇതുസംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കുകയാണ്. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ടി സെക്ഷനുകളെ നേരത്തേ തന്നെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു.

പുതിയ വിജ്ഞാപനം പ്രാബല്യത്തിൽ വരുന്നതോടെ വിജിലൻസിലെ ടി സെക്ഷനിൽ സൂക്ഷിക്കുന്ന നിർണായക രേഖകൾ പൊതുജനങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുന്നതിൽ നിയന്ത്രണമുണ്ടാകും.

മറുപടി രേഖപ്പെടുത്തുക