വീട്ടുജോലികൾ ചെയ്യാൻ മനുഷ്യനെപ്പോലെ പ്രവർത്തിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടുകളുമായി ടൗ റോബോട്ടിക്സ്. മണിക്കൂറിന് 30 ഡോളർ നിരക്കിലാണ് റോബോട്ടിന്റെ സേവനം ലഭ്യമാക്കുന്നതെന്നാണ് റിപ്പോർട്ട്. വീട് വൃത്തിയാക്കുക, വസ്ത്രങ്ങൾ കഴുകി മടക്കിവെക്കുക, കിടക്ക ഒരുക്കുക തുടങ്ങിയ ജോലികൾ ചെയ്യാൻ റോബോട്ടിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
എന്നാൽ നിലവിൽ റോബോട്ടുകൾ പൂർണമായും സ്വയം പ്രവർത്തിക്കുന്നവയല്ല. വിദൂര നിയന്ത്രണ സംവിധാനമായ ടെലി ഓപ്പറേഷനിലൂടെ മനുഷ്യരാണ് റോബോട്ടുകളെ നിയന്ത്രിക്കുന്നത്. മനുഷ്യർ കൈകൊണ്ട് ചെയ്യുന്ന വിവിധ സൂക്ഷ്മ ജോലികൾ അനുകരിക്കാൻ ഇവയ്ക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.
സാൻ ഫ്രാൻസിസ്കോയിലെ ഒരു വീട്ടിൽ റോബോട്ടിന്റെ സേവനം പരീക്ഷിച്ചതിലൂടെ സാങ്കേതികവിദ്യയുടെ പ്രായോഗികതയും പരിമിതികളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, വീടിനുള്ളിൽ റോബോട്ടിനെ നിയന്ത്രിക്കുന്ന മനുഷ്യരുടെ സാന്നിധ്യം സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച ചോദ്യങ്ങൾക്കും വഴിവെക്കുന്നുണ്ട്.
നിലവിൽ ചെലവും മനുഷ്യരുടെ വിദൂര നിയന്ത്രണത്തെ ആശ്രയിക്കേണ്ടതുമാണ് പ്രധാന പരിമിതികൾ. ഭാവിയിൽ കൂടുതൽ വികസിതമായ കൃത്രിമബുദ്ധിയിലൂടെ റോബോട്ടുകൾ സ്വയം പ്രവർത്തിക്കുന്ന ഘട്ടത്തിലേക്ക് എത്തുമോ എന്നതാണ് സാങ്കേതികരംഗം ഉറ്റുനോക്കുന്നത്.
