റഷ്യൻ സൈന്യത്തിൽ ചേരുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ പൗരന്മാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഉക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സാമ്പത്തിക നേട്ടങ്ങൾക്കായി ജീവൻ അപകടത്തിലാക്കുന്ന തീരുമാനങ്ങൾ എടുക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ രണ്ട് വർഷമായി മുന്നറിയിപ്പുകൾ നൽകിയിട്ടും ചില ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ ചേരുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉയർന്ന വരുമാനം പ്രതീക്ഷിച്ച് ചിലർ സ്വമേധയാ റഷ്യൻ സൈന്യത്തിൽ ചേരുകയും പിന്നീട് പ്രതിസന്ധിയിലാകുമ്പോൾ ഇന്ത്യൻ സർക്കാരിന്റെ സഹായം തേടുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ചില ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് റഷ്യൻ പാസ്പോർട്ട് സ്വന്തമാക്കിയ ശേഷം സാമ്പത്തിക നേട്ടങ്ങൾക്കായി റഷ്യൻ സൈന്യത്തിൽ ചേരുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം തീരുമാനങ്ങൾ ജീവന് ഗുരുതരമായ ഭീഷണി ഉയർത്തുന്നതിനാൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
അനധികൃത ഏജന്റുമാരും ചില സംഘടനകളും നിയമവിരുദ്ധമായി റിക്രൂട്ട്മെന്റ് നടത്തുന്നതായി ചൂണ്ടിക്കാട്ടിയ മന്ത്രാലയം, റഷ്യയിലെ ജോലി വാഗ്ദാനങ്ങളോട് അതീവ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു.
റഷ്യൻ സൈന്യത്തിൽ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുമായി റഷ്യൻ സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 139 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായും ഏകദേശം രണ്ട് ഡസനോളം പേരെ കൂടി തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
