കിഫ്ബിയെ തകർക്കാനുള്ള നീക്കം കേരള വികസനത്തെ ദുർബലപ്പെടുത്തും; യുഡിഎഫിനെ വിമർശിച്ച് എം.വി. ഗോവിന്ദൻ

കിഫ്ബിക്കെതിരായ യുഡിഎഫ് സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയത്തിന് സമാനമായ കോർപ്പറേറ്റ് ഹിന്ദുത്വ നയമാണ് യുഡിഎഫ് പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കിഫ്ബിയെ തകർക്കാനുള്ള ശ്രമങ്ങൾ കേരളത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ .

കേന്ദ്ര സർക്കാർ അധികാരത്തിലെത്തിയ ഘട്ടം മുതൽ കിഫ്ബിയെ തകർക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചുവെന്നാണ് ഗോവിന്ദൻ മാസ്റ്ററുടെ ആരോപണം. കേരളത്തിന്റെ വികസന പദ്ധതികൾ തടസ്സപ്പെടുത്താനുള്ള നീക്കങ്ങളെ അതിജീവിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ താൽപര്യങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കിഫ്ബി വഴി പ്രഖ്യാപിച്ച നിരവധി പ്രധാന വികസന പദ്ധതികൾ ഇല്ലാതാകാനുള്ള സാഹചര്യമാണുള്ളതെന്നും ഗോവിന്ദൻ ആശങ്ക പ്രകടിപ്പിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികൾ കിഫ്ബി നേരിട്ടല്ല നടത്തുന്നതെന്നും 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് ഭൂമി ഏറ്റെടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവന്റെ നിര്യാണത്തിൽ ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി. പാർട്ടിയുടെ ഭാവി പ്രവർത്തനപരിപാടികൾ ചർച്ച ചെയ്ത് അംഗീകരിച്ചതായും വിപുലീകൃത സംസ്ഥാന, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ വിവിധ വിഷയങ്ങൾ പരിശോധിച്ചതായും അദ്ദേഹം അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക